ആഘോഷങ്ങള്‍ ലളിതമാക്കണം, മദ്യസല്‍ക്കാരം പാടില്ല-കോതമംഗലം രൂപത

Posted on: 03 Sep 2015കൊച്ചി: പള്ളികളിലും വീടുകളിലും നടത്തുന്ന ആഘോഷങ്ങള്‍ ലളിതമാക്കണമെന്നും മദ്യസല്‍ക്കാരം പൂര്‍ണമായും ഒഴിവാക്കണമെന്നും കോതമംഗലം രൂപത. വിവാഹത്തിനും മനസ്സമ്മതത്തിനുമൊക്കെ തലേന്ന് നടത്തുന്ന ആഘോഷങ്ങളും നിയന്ത്രിക്കണം. ഇതുവഴി മിച്ചം വെക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഇടയലേഖനത്തില്‍ നിര്‍ദ്ദേശിച്ചു.
ആചാരങ്ങള്‍ക്കും ഭക്താനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ആത്മീയത മൂല്യാധിഷ്ഠിതമാകണം. സത്യം, നീതി, കരുണ, സ്‌നേഹം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ നമുക്കന്യമാകുമ്പോള്‍ ആത്മീയതയെ തന്നെ പുനര്‍ നിര്‍വചിക്കേണ്ടി വരുമെന്നും ഇടയലേഖനം പറയുന്നു.
ജൂലായ് 19 മുതല്‍ 22 വരെ നടന്ന രൂപതാ അസംബ്ലിയുടെ പശ്ചാത്തലത്തിലാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.
ആഘോഷങ്ങള്‍, തിരുനാളുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ആഡംബരവും ധൂര്‍ത്തും വര്‍ദ്ധിച്ചുവരികയാണ്. അമിതമായ ആഘോഷങ്ങള്‍ ദുര്‍വ്യയത്തിനും സാമ്പത്തിക ബാദ്ധ്യതകള്‍ക്കും വഴിവെയ്ക്കും. സമ്പത്തും പ്രൗഢിയും പ്രകടിപ്പിക്കാന്‍ തിരുനാളുകള്‍ ഏറ്റെടുത്തു നടത്തുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും നേര്‍ച്ചസദ്യ ലളിതമായി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
പള്ളികളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം, ഇതിനായി ജോയിന്റ് അക്കൗണ്ടുകളിലൂടെ മാത്രം ഇടപാടുകള്‍ നടത്തണം. ബില്ലുകളും വൗച്ചറുകളും കണക്കുകളും കൃത്യമായി സൂക്ഷിക്കുകയും മേലധികാരികള്‍ക്ക് കൈമാറുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, നിയമനം തുടങ്ങിയവ നീതിപൂര്‍വം നടത്തണം. ഇതു സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാന്‍ രൂപതാ സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കാനും തീരുമാനമുണ്ട്. പ്രകൃതി ചൂഷണം ഒഴിവാക്കണമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഇടയലേഖനം നിര്‍ദ്ദേശിക്കുന്നു.

More Citizen News - Ernakulam