വധശിക്ഷ ഒഴിവാക്കപ്പെടേണ്ടത്- ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്‌

Posted on: 03 Sep 2015കൊച്ചി: ജീവനെടുക്കുന്നതിനെക്കാള്‍ അഭികാമ്യം കുറ്റവാളിയെ പരിവര്‍ത്തനപ്പെടുത്തുക തന്നെയാെണന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്. വധശിക്ഷ കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചോ എന്നത് പരിശോധിക്കപ്പെടണം. ആരും കുറ്റവാളിയായി ജനിക്കുന്നില്ലെന്നും സമൂഹവും ജീവിത സാഹചര്യങ്ങളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ശരിയാംവണ്ണം സംരക്ഷിക്കപ്പെട്ടാല്‍ കുറ്റകൃത്യങ്ങള്‍ വലിയൊരളവു വരെ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വധശിക്ഷ പരിഷ്‌കൃത സമൂഹത്തില്‍' എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുപറ്റിയാല്‍ തിരുത്താന്‍ കഴിയാത്തതുകൊണ്ട് വധശിക്ഷ വിധിക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ദയാഹര്‍ജി തള്ളിയതിന്റെ കാരണമറിയാനുള്ള തൂക്കിലേറ്റപ്പെടുന്നവന്റെ അവകാശം നിഷേധിക്കുന്നത് കാട്ടുനീതിയാണെന്ന് അഡ്വ.പി.രാജീവ് പറഞ്ഞു. അസാധാരണമാംവിധം കോടതി കൂടുന്നത് ജീവനെടുക്കാന്‍ വേണ്ടിയാണെന്നത് നീതിന്യായ സംവിധാനത്തിന്റെ തിളക്കം കുറയ്ക്കും. കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയ്ക്കു പകരം ഇളവുകളില്ലാത്ത തടവു നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വധശിക്ഷ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.കെ.രാംകുമാര്‍ പറഞ്ഞു. വധശിക്ഷ നല്‍കുന്നതു സംബന്ധിച്ച് ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും ചാഞ്ചാട്ടവും തുല്യനീതി എന്ന സങ്കല്‍പ്പത്തെ തകര്‍ക്കുന്നതാണ്. വധശിക്ഷ സംബന്ധിച്ച ലോ കമ്മീഷന്‍ ശുപാര്‍ശകള്‍ വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുമെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള പ്രത്യാശ പ്രകടിപ്പിച്ചു. പരിഷ്‌കൃത സമൂഹങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണ് വധശിക്ഷയെന്ന് അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് അധ്യക്ഷനായി. കെ.എല്‍.മോഹനവര്‍മ്മ, അഡ്വ.എന്‍.സി.മോഹനന്‍, എന്‍.എ.അലി എന്നിവരും സംസാരിച്ചു. അഡ്വ.കെ.ഡി.വിന്‍സെന്റ് സ്വാഗതവും അഡ്വ.കെ.കെ.നാസര്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam