സ്വര്‍ണക്കടത്ത്്: മൂവാറ്റുപുഴ സ്വദേശി കീഴടങ്ങി

Posted on: 03 Sep 201515 വട്ടം സ്വര്‍ണം കടത്തിയതായി സൂചന


നെടുമ്പാശ്ശേരി:
കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സംഘാംഗം ഒടുവില്‍ കീഴടങ്ങി. മൂവാറ്റുപുഴ പെരുമറ്റം സ്വദേശി ഇസ്മയില്‍ (41) ആണ് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ കീഴടങ്ങിയത്.
വിമാനത്താവളം കേന്ദ്രീകരിച്ച്്് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ വലംകൈയാണ് ഇസ്മയില്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 15 തവണ ഇയാള്‍ ദുബായിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. ദുബായ് യാത്രക്കെല്ലാം വിമാന ടിക്കറ്റ് എടുത്ത് നല്‍കിയിരിക്കുന്നത് നൗഷാദാണ്. സ്വര്‍ണം കടത്തുന്നതിനായാണ് ഇയാള്‍ ദുബായ് യാത്ര നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്്. ഇയാള്‍ എത്ര കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന് വ്യക്തമല്ല. എന്നാല്‍ ഇയാള്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല.
നൗഷാദിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാവുന്ന ആളാണ് ഇസ്മയില്‍. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരില്‍ ചിലര്‍ ഇസ്മയിലിനെതിരെ മൊഴി നല്‍കിയിരുന്നു. ഇസ്മയിലും ഒളിവില്‍ കഴിയുന്ന സൈഫുദീനും സ്വര്‍ണം കടത്തിയതിന്റെ വിവരങ്ങള്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരില്‍ നിന്ന് കസ്റ്റംസിന് ലഭിച്ചിരുന്നു. ഇസ്മയിലിനെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട് ജയിലിലേക്ക് മാറ്റി. ഇയാളെ കുടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങും. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. നൗഷാദിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് ഇസ്മയില്‍. മൂന്നുമാസം ഒളിവില്‍ കഴിഞ്ഞിരുന്ന ഇസ്മയില്‍ ഭാര്യാസഹോദരിയുടെ വീട്ടിലും ഒരു പള്ളിയിലുമായാണ് തങ്ങിയിരുന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ലോക്കല്‍ പോലീസുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ നാട്ടില്‍ 'എ.സി.പി.' എന്ന ചെല്ലപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ പലപ്പോഴും ഇടനിലക്കാരന്റെ റോളും വഹിച്ചിരുന്നു. കേസില്‍ ഇതുവരെ 36 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും പത്തോളം പേരെ പിടികിട്ടാനുമുണ്ട്.

More Citizen News - Ernakulam