വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു

Posted on: 03 Sep 2015കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. എളമക്കര എട്ടുകാട് കളരിക്കല്‍ ലെയ്‌നില്‍ എം.പി. ആന്റണിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഒരു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്നത്.
ഒരു വര്‍ഷം മുമ്പ് ആഗസ്ത് 17 ന് പുലര്‍ച്ചെയാണ് ആന്റണിക്ക് കലൂര്‍ സ്റ്റേഡിയത്തിനടുത്തുവെച്ച് അപകടത്തില്‍ പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ആന്റണിയെ ആസ്​പത്രിയില്‍ എത്തിക്കാന്‍ പോലും നില്‍ക്കാതെ ഇടിച്ച വാഹനം ഓടിച്ചുപോയി. പോലീസ് എത്തിയാണ് ആന്റണിയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. തലയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആന്റണി ഇപ്പോഴും അബോധാവസ്ഥയിലാണ്. തലയിലും കാലിലും ഇനിയുമൊരു ശസ്ത്രക്രിയ കൂടി നടത്താനുണ്ട്. ആസ്​പത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഇപ്പോള്‍ വീട്ടില്‍ പരിചരിച്ചുകൊണ്ടിരിക്കുകയാണ്.
ഭാര്യയും രണ്ട് മക്കളും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആന്റണി. വന്‍ തുക തന്നെ ചികിത്സയ്ക്കായി ഇതുവരെ െചലവഴിച്ചുകഴിഞ്ഞു. തുടര്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമെല്ലാം ഇനിയും വലിയ തുക വേണം. നാലാം ക്ലാസിലും യു.കെ.ജി.യിലും പഠിക്കുന്ന കുട്ടികളുടെ പഠനത്തിനും കുടുംബ െചലവുകള്‍ക്കും ചികിത്സാ െചലവുകള്‍ക്കുമെല്ലാം നിര്‍ധന കുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്. മൂന്ന് സെന്റിലെ ചെറിയ വീട്ടിലാണ് താമസം. ഇവരെ സഹായിക്കുന്നതിനായി കൗണ്‍സിലര്‍ സജിനി ജയചന്ദ്രന്റെ നേതൃത്വത്തില്‍ ചികിത്സാസഹായ സമിതി നിലവിലുണ്ട്.
കോര്‍പ്പറേഷന്‍ ബാങ്കിന്റെ എളമക്കര ശാഖയില്‍ 022700101010766 എന്ന അക്കൗണ്ട് നമ്പറിലേക്ക് ചികിത്സാ സഹായങ്ങള്‍ അയയ്ക്കാം. ഐ.എഫ്.എസ്. കോഡ് : സി.ഒ.ആര്‍.പി.0000227.
വിലാസം: എം.പി. ആന്റണി, മാപ്പിളശ്ശേരി, കളരിക്കല്‍ ലെയ്ന്‍, എളമക്കര പി.ഒ., കൊച്ചി-26. ഫോണ്‍-9633680557, 9745358560.

More Citizen News - Ernakulam