അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഫിറ്റ്‌നസ്: പരാതിയില്‍ നടപടിക്ക് നിര്‍ദേശം

Posted on: 02 Sep 2015കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പരാതി കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഉചിതമായ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ബോട്ട് ഉപയോഗയോഗ്യമാണെന്ന് സാക്ഷ്യപത്രം നല്‍കിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി വയലാര്‍ ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 36 വര്‍ഷമായി ഉപയോഗിച്ചുവരുന്ന ബോട്ടില്‍ മൂന്ന് ലൈഫ് ജാക്കറ്റ് മാത്രമാണുള്ളത്.
ബോട്ടില്‍ ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങളുണ്ടോ എന്ന് യഥാസമയം പരിശോധിച്ചിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നെന്നാണ് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിനെയും സംസ്ഥാന ജലഗതാഗത കോര്‍പ്പറേഷനെയും എതിര്‍കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി. ഹര്‍ജിയിലെ ആവശ്യം പരിഗണിക്കാന്‍ കോടതിക്കു മുന്നില്‍ ആവശ്യമായ രേഖകളില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹര്‍ജിയിലെ നടപടി അവസാനിപ്പിച്ചത്.
അതേസമയം, ബോട്ടപകടത്തെക്കുറിച്ചുള്ള മുന്‍ അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ കോടതി സര്‍ക്കാറിനോട് സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇ. മൈതീന്‍ കുഞ്ഞ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും മരിച്ചവരുടെ വീട്ടുകാര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പള്ളുരുത്തി സ്വദേശിയായ ദിലീപ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലെ ആവശ്യം.

More Citizen News - Ernakulam