കുട്ടികളുടെ പുസ്തകോത്സവം നാല് മുതല്‍

Posted on: 02 Sep 2015കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഒന്‍പതാമത് കുട്ടികളുടെ പുസ്തകോത്സവം സപ്തംബര്‍ നാല് മുതല്‍ ഒക്ടോബര്‍ 15 വരെ നടത്തും. നാലിന് രാവിലെ 11 ന് സെന്റ് ആന്‍ണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോ.എം.ലീലാവതി ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി.സുഭദ്രവല്ലി പസ്തകോത്സവ സന്ദേശം നല്‍കും. ലൈബ്രറികളിലും വിദ്യാര്‍ത്ഥികളുടെ കൈവശവുമുള്ള പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് അതത് സ്‌കൂളുകളില്‍ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് പ്രദര്‍ശനം നടത്തുന്നത്. ഈ വര്‍ഷം 300 വിദ്യാലയങ്ങളില്‍ പുസ്തകോത്സവം നടത്തും. പുസ്തക വില്‍പ്പനയില്ല. കുട്ടികള്‍ക്ക് സഹ വിദ്യാര്‍ത്ഥികളുടെ പുസ്തക ശേഖരം കാണാനും,പരിചയപ്പെടാനും ഇത് വഴിയൊരുക്കും. പുസ്തക പ്രദര്‍ശനത്തില്‍ സംസ്ഥാനത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന സ്‌കൂളിന് ഒന്നാം സമ്മാനമായി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സ്മാരക എവര്‍ റോളിംഗ് ട്രോഫിയും 10,000 രൂപയും,രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും നല്‍കും. ജില്ലാ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്‌കൂളിന് 5000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും അഡ്വ. പി. ബാലഗംഗാധര മേനോന്‍ സ്മാരക ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഏറ്റവും മികച്ച രീതിയില്‍ പുസ്തകം പ്രദര്‍ശിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെച്ച് നല്‍കും.

More Citizen News - Ernakulam