വൈഷ്ണവ്, മനയ്ക്കപ്പടിയുടെ സുവര്‍ണതാരം

Posted on: 02 Sep 2015കരുമാല്ലൂര്‍: അഭിനന്ദനങ്ങളുടെ കൊടുമുടിയിലാണ് കരുമാല്ലൂര്‍ മനയ്ക്കപ്പടി വൈഷ്ണവ് ആര്‍. നായര്‍ എന്ന പന്ത്രണ്ടുകാരന്‍. പാട്ടിനൊത്ത് മഞ്ഞുകട്ടകള്‍ക്കുമുകളില്‍ നൃത്തംവച്ച് നേടിയെടുത്ത സ്വര്‍ണപ്പതക്കങ്ങളേക്കാള്‍ തിളക്കമുണ്ട് ഇപ്പോള്‍ വൈഷ്ണവിന്റെ മുഖത്തിനും മനസ്സിനും. നാട്ടുകാരുടേയും സഹപാഠികളുടെയും അഭിനന്ദനങ്ങളുമായി മനയ്ക്കപ്പടിയുടെ സുവര്‍ണതാരമാണ് രമേഷ് - സത്യ ദമ്പതിമാരുടെ മകനായ വൈഷ്ണവിപ്പോള്‍.
കഴിഞ്ഞമാസം സൂറത്തില്‍ നടന്ന സ്‌നോവിറ്റ് ഓള്‍ ഇന്ത്യ ഓപ്പണ്‍ ഐസ് സ്‌കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലാണ് കേരളത്തെ പ്രതിനിധീകരിച്ച് വൈഷ്ണവ് സ്വര്‍ണം നേടിയത്. ജൂനിയര്‍ ഫിഗര്‍ ഐസ് സ്‌കേറ്റിങ്ങ്, ആഡോണ്‍ ഐസ് സ്‌കേറ്റിങ്ങ് വിഭാഗങ്ങളിലായി രണ്ടു സ്വര്‍ണമാണ് നേടിയത്.
ഐസ്‌കേറ്റിങ്ങില്‍ വൈഷ്ണവിന്റെ പ്രവേശം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ക്രിസ്മസ്സിന് അച്ഛനൊപ്പം ലുലുമാളിലെത്തിയപ്പോള്‍ കൗതുകത്തിന് ഐസ് സ്‌കേറ്റിങ് നടത്തി. പിന്നീട് ആഴ്ചയിലൊരിക്കല്‍ സ്‌കേറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്നു. ഇതിലുള്ള താത്പര്യവും കഴിവും മനസ്സിലാക്കി പരിശീലകന്‍ അനീഷ് നിര്‍ശിച്ചതനുസരിച്ചാണ് വിദഗ്ധ പരിശീലനത്തിനായി പോയത്.
ഓള്‍ ഇന്ത്യ ഐസ് സ്‌കേറ്റിങ്ങ് ഫെഡറേഷനുമായി ബന്ധപ്പെട്ടു. ഇതുവഴി ഡല്‍ഹിയില്‍ നടന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അങ്ങനെയിരിക്കെയാണ് ഗുജറാത്തില്‍ അഞ്ച്ദിവസത്തെ ക്യാമ്പും അന്തര്‍ദേശീയ മത്സരവും നടക്കുന്നതായി അറിഞ്ഞത്.
അവിടെയെത്തി ആദ്യമത്സരത്തില്‍തന്നെ വൈഷ്ണവ് സ്വര്‍ണം നേടി. സോളോ പെര്‍ഫോര്‍മന്‍സിലായിരുന്നു ആദ്യജയം. പിന്നീട് പെയര്‍ പെര്‍ഫോര്‍മന്‍സില്‍ ഹൈദരാബാദുകാരനായ യതീഷിനൊപ്പം സ്വര്‍ണം സ്വന്തമാക്കി.
മനയ്ക്കപ്പടി മുറിയാക്കല്‍ ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് മനീഷ്, സെക്രട്ടറി ജിനീഷ് എന്നിവര്‍ ചേര്‍ന്ന് വൈഷ്ണവിന് പുരസ്‌കാരം നല്‍കി അനുമോദിച്ചു. വൈഷ്ണവ് പഠിക്കുന്ന മാഞ്ഞാലി എ.ഐ.എസ്.യു.പി സ്‌കൂളിലും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സ്‌കൂളില്‍ നടന്ന യോഗത്തില്‍ പ്രധാനാധ്യാപിക പി.എസ്. ജമീല പുരസ്‌കാരം നല്‍കി.

More Citizen News - Ernakulam