ചിരിപ്പൂരം തീര്‍ത്ത് 'ബോയിംഗ് ബോയിംഗ് '

Posted on: 01 Sep 2015കാക്കനാട്: നിറഞ്ഞ സദസ്സില്‍ തൃക്കാക്കര നിവാസികളെ ഇളക്കിമറിച്ച് 'ബോയിംഗ് ബോയിംഗ് '. ഓണാഘോഷങ്ങളുടെ ഭാഗമായി തൃക്കാക്കര നഗരസഭാ സിവില്‍ സ്റ്റേഷന്‍ വളപ്പിലെ പരേഡ് ഗ്രൗണ്ടില്‍ സുരാജ് വെഞ്ഞാറമൂടും സംഘവും അവതരിപ്പിച്ച 'ബോയിംഗ് ബോയിംഗ്' മെഗാഷോയാണ് ഓണത്തപ്പന്റെ ആസ്ഥാനത്ത് കലാവിരുന്നായത്. രാഷ്ടീയക്കാരുടെയും സിനിമാ താരങ്ങളുടെയും ശബ്ദത്തിന് നര്‍മത്തില്‍ ചാലിച്ച പുതിയ രൂപഭേദം നല്‍കിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഹൃദ്യമായി. ഹാസ്യ കലാവിരുന്നിനിടയില്‍ മേമ്പൊടിയെന്നോണം പാട്ടും നൃത്തവും വേദിയിലെത്തിയപ്പോള്‍ സംഗീതാരാധകര്‍ക്കും തൃപ്തി. വൈകീട്ട് നടന്ന ഘോഷയാത്ര കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലെത്തിയപ്പോള്‍ സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, കാലടി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍, മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഡി. സുരേഷ്, അജിത തങ്കപ്പന്‍, രാധാമണിപിള്ള, പ്രതിപക്ഷ നേതാവ് എം.എ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam