കളമശ്ശേരിയില്‍ കുടിവെള്ള വിതരണം മുടങ്ങി

Posted on: 01 Sep 2015പമ്പ്ഹൗസില്‍ പൈപ്പ്‌പൊട്ടി

കളമശ്ശേരി:
വാട്ടര്‍ അതോറിട്ടിയുടെ പഴയ പമ്പ്ഹൗസില്‍ പൈപ്പ്‌പൊട്ടിയതിനെത്തുടര്‍ന്ന് കളമശ്ശേരി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി. നോര്‍ത്ത് കളമശ്ശേരി, ഗ്ലാസ് കോളനി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വട്ടേക്കുന്നം എന്നിവിടങ്ങളിലാണ് രണ്ട് ദിവസമായി വെള്ളം വിതരണം മുടങ്ങിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. പമ്പ്ഹൗസിലെ പമ്പില്‍ നിന്നുള്ള പ്രധാന കണക്ഷന്‍ പൈപ്പ്‌ലൈനാണ് പൊട്ടിയിരിക്കുന്നത്. കാലപ്പഴക്കംകൊണ്ടാണ് പൈപ്പ്‌പൊട്ടിയതെന്നാണ് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഞായറാഴ്ച ഉച്ചയ്ക്ക് മുതലേ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍.
കാര്‍ബോറാണ്ടം കമ്പനിക്ക് സമീപം പൈപ്പ്‌പൊട്ടിയതിനെത്തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും വട്ടേക്കുന്നത്തും പരിസരങ്ങളിലും കുടിവെള്ളവിതരണം മുടങ്ങിയിരുന്നു. തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങുന്നതുമൂലം വട്ടേക്കുന്നത്തുകാരാണ് ഏറെ കഷ്ടപ്പെടുന്നത്. വെള്ളം മുടങ്ങുന്ന ദിവസങ്ങളില്‍ പകരം സംവിധാനം നഗരസഭ പലപ്പോഴും ഏര്‍പ്പെടുത്താത്തതില്‍ ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്.
കാലപ്പഴക്കംചെന്ന പൈപ്പുകളായതിനാലാണ് മിക്കവാറും പൈപ്പുകള്‍ പൊട്ടുന്നത്. പഴക്കംചെന്ന മുഴുവന്‍ പൈപ്പുകളും മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ പൈപ്പ്‌പൊട്ടലിന് ശ്വാശ്വത പരിഹാരമാവുകയുള്ളൂവെന്ന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More Citizen News - Ernakulam