ഫോര്‍ട്ടുെകാച്ചിയില്‍ ജങ്കാര്‍ ഓടുന്നത് ലൈസന്‍സില്ലാതെ; ബോട്ട് സര്‍വീസിന്റെ കരാര്‍ റദ്ദാക്കുമെന്ന് മേയര്‍

Posted on: 01 Sep 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ഫെറിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ജങ്കാറിന്റെ ലൈസന്‍സ് കാലാവധി ജൂണില്‍ അവസാനിച്ചെന്ന് വെളിപ്പെടുത്തല്‍. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജൂണ്‍ 30 വരെ ഓടാനുള്ള അനുമതിയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ലൈസന്‍സില്ലാതെയാണ് ജങ്കാര്‍ ഓടിയിരുന്നതായി അറിയുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം ലൈസന്‍സ് പുതുക്കുവാന്‍. അതിനു മുമ്പായി ജങ്കാറില്‍ പരിശോധന നടത്തണം. ഇതിനു ശേഷമാണ് ലൈസന്‍സ് നല്‍കുന്നതെന്ന് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
സംസ്ഥാന പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ലൈസന്‍സിനെ അടിസ്ഥാനമാക്കിയാണ് തുറമുഖ ട്രസ്റ്റ് അധികൃതര്‍ ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.
ജൂണില്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ ജങ്കാര്‍ വീണ്ടും സര്‍വീസ് നടത്തിയിട്ടും അതിനെതിരെ നടപടിയെടുക്കുവാന്‍ ആരും കൂട്ടാക്കിയില്ല.
ബോട്ട് അപകടം നടന്ന ശേഷമാണ് ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയത്.
അതേസമയം ബോട്ട് സര്‍വീസ് നടത്തിപ്പിന്റെ കരാര്‍ റദ്ദാക്കിയതായി മേയര്‍ േടാണി ചമ്മണി പറഞ്ഞു.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നഗരസഭയുടെ കക്ഷിനേതാക്കളുടെ യോഗം തിങ്കളാഴ്ച ചേര്‍ന്നു. ഈ യോഗത്തിലാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇടതുമുന്നണി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ജങ്കാര്‍ സര്‍വീസ് നടത്തുവാന്‍ കരാറുകാരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജങ്കാര്‍ വിശദമായി പരിശോധിച്ചശേഷം ഓടിക്കാന്‍ അനുവാദം നല്‍കും. നവംബറില്‍ ഫെറി സര്‍വീസിന്റെ കരാര്‍ കാലാവധി കഴിയും. അതുവരെ ജങ്കാര്‍ സര്‍വീസിന് കരാറുകാരെ അനുവദിക്കാനാണ് തീരുമാനം.
ലൈസന്‍സിന് പ്രാബല്യമില്ലാത്തതിനാല്‍ നഗരസഭ അനുവദിച്ചാലും ജങ്കാര്‍ സര്‍വീസ് നടത്താനാവില്ല. മാത്രമല്ല, ജെട്ടിയില്‍ കിടക്കുന്ന തകര്‍ന്ന ബോട്ട് നീക്കം ചെയ്യുകയും വേണം. ബോട്ട് നീക്കുന്നതിനും സാങ്കേതിക തടസ്സങ്ങളുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഗരസഭ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും മേയര്‍ പറഞ്ഞു.

More Citizen News - Ernakulam