അപകട ഭീതിയൊഴിയാതെ ആസ്​പത്രി കിടക്കകളില്‍.....

Posted on: 01 Sep 2015തമിഴ്‌നാട്ടിലെ അമ്പൂരില്‍ വാഹനാപകടത്തില്‍പ്പെട്ടവരെ കൊച്ചിയിലെത്തിച്ചു


കൊച്ചി:
'പുലര്‍ച്ചെ അഞ്ച് മണിയായതിനാല്‍ തന്നെ ബസ്സില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് ബസ് ഇടതുവശത്തേക്ക് വെട്ടിത്തിരിയുന്നതായി തോന്നിയത്. പിന്നെ താഴേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. പിന്നെ ഓര്‍മയുള്ളത് ഇരുട്ടും ഉച്ചത്തിലുള്ള നിലവിളികളും മാത്രം... തമിഴ്‌നാട്ടിലെ അമ്പൂരില്‍ വെച്ച് ഓണത്തിനു പിറ്റേ ന്നുണ്ടായ വാഹനാപകടത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് മുളവുകാട് സ്വദേശി സാംബശിവന്‍. വലതുകൈയ്ക്ക് പരിക്കേറ്റ അദ്ദേഹം എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. 37 പേര്‍ സഞ്ചരിച്ച ബസ്സാണ് കഴിഞ്ഞ ശനിയാഴ്ച അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബോള്‍ഗാട്ടി സ്വദേശിയായ ആദര്‍ശ് (7) മരിച്ചിരുന്നു. പരിക്കേറ്റ ബാക്കിയുള്ള യാത്രക്കാരെ തിങ്കളാഴ്ച രാത്രിയോടെയാണ് എറണാകുളത്തെത്തിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ബോള്‍ഗാട്ടി സ്വദേശി സിജുവിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 12 പേര്‍ എറണാകുളം ജനറല്‍ ആസ്​പത്രിയിലും രണ്ടു പേര്‍ അമൃത ആസ്​പത്രിയിലും മെഡിക്കല്‍ ട്രസ്റ്റിലുമായി ചികിത്സയിലാണ്. തിരുവോണ ദിവസം വൈകീട്ടാണ് 36 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം കൊച്ചിയില്‍ നിന്നും തിരുപ്പതിയിലേക്ക് യാത്രതിരിച്ചത്.
മുളവുകാട്, പെരുമ്പളം ഭാഗത്തെ കുടുംബങ്ങളാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂരിനു സമീപം അമ്പൂരില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ലെന്നും അപകടമുണ്ടായ ഉടന്‍ ബസ്സിന്റെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടതായും പരിക്കേറ്റ് ചികിത്സയിലുള്ള മുളവുകാട് സ്വദേശി ശശിധരന്‍ പറഞ്ഞു. വിവരമറിഞ്ഞ് ഓടിയെത്തിയ സമീപവാസികളും സേവാഭാരതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിക്കേറ്റവരെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ടാണ് ആറ് ആംബുലന്‍സുകളിലായി പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കൊച്ചിയിലേക്കെത്തിച്ചത്. മുളവുകാട് സ്വദേശികളായ സീതാലക്ഷ്മി (18), ശര്‍മ്മിള (37), ജലജ (62), നീതു (26), പെരുമ്പളം സ്വദേശിനി പരിമളം എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. സമീപവാസികളുടെ സമയോചിതമായ ഇടപെടലാണ് തുണയായതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള യാത്രക്കാര്‍ പറഞ്ഞു.

More Citizen News - Ernakulam