തീവണ്ടി തട്ടി മരിച്ചയാളുടെ പേഴ്‌സും പണവും കവര്‍ന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു

Posted on: 01 Sep 2015ചെങ്ങമനാട്: തീവണ്ടി തട്ടി മരിച്ചയാളുടെ പേഴ്‌സും പണവും കവര്‍ന്ന യുവാവിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് നെടുവന്നൂര്‍ കൂരന്‍ വീട്ടില്‍ ഷിജോ (38) യെയാണ് അറസ്റ്റ്‌ചെയ്തത്. ആഗസ്ത് 27ന് രാത്രി 10.30ഓടെ നെടുവന്നൂര്‍ റെയില്‍വേ ഗേറ്റിനു സമീപം പാളത്തില്‍ മരിച്ചുകിടന്ന തിരുവനന്തപുരം സ്വദേശി രഞ്ജിത്തിന്റെ പേഴ്‌സാണ് മോഷ്ടിച്ചത്. ഇതില്‍ 14,900 രൂപയുണ്ടായിരുന്നു. തിരുവള്ളൂര്‍ സരസ്വതി ഭവനില്‍ രാജന്റെ മകനാണ് രഞ്ജിത്.
രാത്രി പോലീസിനോടൊപ്പം മൃതദേഹം ആസ്​പത്രിയിലേക്ക് മാറ്റുന്നതിനിടെ ട്രാക്കില്‍ കണ്ട പേഴ്‌സ് ഷിജോ പുല്ലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും പിരിഞ്ഞശേഷം രാത്രി തന്നെ ട്രാക്കിലെത്തി ഷിജോ പേഴ്‌സ് കൈക്കലാക്കിയെന്ന് പോലീസ് പറഞ്ഞു.
മരണവാര്‍ത്തയറിഞ്ഞ് എത്തിയ ബന്ധുക്കള്‍ക്ക് രഞ്ജിത്തിന്റെ ബാഗും ഫോണും മറ്റു സാധനങ്ങളും പോലീസ് കൈമാറിയപ്പോള്‍ രഞ്ജിത്തിന്റെ കൈവശം പേഴ്‌സും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ സൂചന നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷിജോ പിടിയിലായത്. സിഐ എം.കെ. മുരളീധരന് ഇതുസംബന്ധിച്ച് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു. എസ്‌ഐ ടി.എ. മുഹമ്മദ് ബഷീര്‍ അറസ്റ്റ്‌ചെയ്തു. ഷിജോയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

More Citizen News - Ernakulam