ഇന്ന് പന്തം കൊളുത്തി പ്രകടനം നാളെ 21 ഇടത്ത് ക്യാമ്പുകള്‍

Posted on: 01 Sep 201524 മണിക്കൂര്‍ പണിമുടക്ക്


കൊച്ചി:
ബുധനാഴ്ചത്തെ 24 മണിക്കൂര്‍ പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് ജില്ലയില്‍ ഗേറ്റ് മീറ്റിങ്ങുകള്‍ നടത്തും. വൈകീട്ട് പന്തം കൊളുത്തി പ്രകടനവും വിളംബര ജാഥകളും സംഘടിപ്പിക്കും. കൂടാതെ മൈക്ക് പ്രചാരണ സ്‌ക്വാഡുകളും രംഗത്തുണ്ടാകും.
ബുധനാഴ്ച കാലത്ത് 9 ന് പണിമുടക്കുന്ന തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.
പണിമുടക്ക് ഏകോപിപ്പിക്കാനായി ജില്ലയില്‍ 21 ക്യാമ്പുകളും നടക്കും. തൊഴിലാളികള്‍ ഇവിടെ ഒരുമിച്ചുകൂടി ഭക്ഷണമുണ്ടാക്കി കഴിക്കും.
മെട്രോ റെയില്‍ നിര്‍മാണമടക്കമുള്ളവ ബുധനാഴ്ച തടസ്സപ്പെടുമെന്ന് സി.ഐ.ടി.യു. നേതാവ് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. ബി.എം.എസ്. നേതാക്കള്‍ മാത്രമാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. അണികള്‍ സമര രംഗത്തുണ്ടാകും.
അന്യസംസ്ഥാന തൊഴിലാളികളടക്കം പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.കെ. ഇബ്രാഹിംകുട്ടി, കെ.എന്‍. ഗോപി, കെ.എന്‍. ഗോപിനാഥ്, ടി.ബി. മിനി, തോമസ് സെബാസ്റ്റ്യന്‍, കെ.ടി. വിമലന്‍, രഘുനാഥ് പനവേലി, പി.എം. ദിനേശന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

More Citizen News - Ernakulam