പച്ചക്കറി ലോറി വാനിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്‌

Posted on: 01 Sep 2015അപകടം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍


കാക്കനാട്: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയ മിനി വാനില്‍ നിയന്ത്രണം വിട്ട് വന്ന പച്ചക്കറി ലോറിയിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന യുവാവിന് പരിക്കേറ്റു. മിനി വാന്‍ ഓടിച്ചിരുന്ന കോട്ടയം വാകത്താനം കൂനമ്മാമൂട്ടില്‍ വീട്ടില്‍ അനില്‍ കെ. എബ്രഹാം (40) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുവായ ചങ്ങനാശ്ശേരി കൊച്ചുപറമ്പില്‍ ചീരംചിറ വീട്ടില്‍ ബിജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 5.10 ന് സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട് ചിറ്റേത്തുകര ഇന്‍ഫോപാര്‍ക്ക് കവാടത്തിന് മുന്നിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന മിനിവാനിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലേക്ക് അലക്ഷ്യമായി ഓടിച്ചുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചതോടെ നിയന്ത്രണം തെറ്റി വാനില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനിലിന്റെ ബന്ധുവായ ബിജുവിനെ സൗദി അറേബ്യലേക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റി ആലുവ ഭാഗത്തു നിന്ന് തൃപ്പൂണിത്തുറ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ മിനി വാനിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് വാനില്‍ കുടുങ്ങിയ അനിലിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു. ലോറി വാനില്‍ വന്ന് ഇടിച്ച സമയത്ത് ബിജു തെറിച്ച് റോഡില്‍ വീണു.
നിയന്ത്രണം വിട്ട ലോറി റോഡിലെ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡരികിലെ മണ്ണിലെ പൂഴിയില്‍ താഴ്ന്നാണ് നിന്നത്. ഇതുമൂലം 20 അടിയോളം താഴ്ചയുള്ള കുഴിയില്‍ വണ്ടി മറിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ലോറി ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മുനിയപ്പനെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അനില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവറാണ്. ഭാര്യ: ജെസ്സി (സൗദി അറേബ്യ), മകന്‍: എബന്‍.

More Citizen News - Ernakulam