ഫോര്‍ട്ടുകൊച്ചി ബോട്ടപകടം ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിവേണമെന്ന് ആവശ്യം

Posted on: 31 Aug 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന് ഉത്തരവാദികളായ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കിയ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് ഫോര്‍ട്ടുകൊച്ചി വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറ, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
ഭരണകക്ഷി അംഗമാണ് ആന്റണി കുരീത്തറ. ബോട്ടിന്റെയും ജങ്കാറിന്റെയും ശോച്യാവസ്ഥയെക്കുറിച്ച് പലതവണ നഗരസഭാ കൗണ്‍സിലില്‍ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആന്റണി കുരീത്തറ പറയുന്നു. കൗണ്‍സിലിന്റെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം.
ബോട്ടുകള്‍ക്ക് മതിയായ ലൈസന്‍സില്ല. ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുള്ളതിനാല്‍ പരാതികള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ഒരു പരിശോധനയും കൂടാതെ പോര്‍ട്ട് ഉദ്യോഗസ്ഥര്‍, ബോട്ടിന് ഓടാന്‍ അനുമതി നല്‍കുകയാണ്.
മുഴുവന്‍ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ആന്റണി ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.ഐ. (എം.എല്‍.) റെഡ്ഫ്‌ലാഗ് സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു. ഫെറി കരാറുകാര്‍ക്കെതിരെ നരഹത്യയ്ക്് കേസെടുക്കണം. മെട്രോ നഗരത്തിന് അപമാനമാണ് ഈ ദുരന്തം. ഫെറിയില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതിനാലാണ് കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതെന്നും എത്ര ലാഘവത്തോടെയാണ് സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നുള്ളതിനും ഉദാഹരണമാണ് അപകടമെന്നും കൊച്ചി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണ്ടി. സംഭവത്തില്‍ കൗണ്‍സില്‍ ദുഃഖം രേഖപ്പെടുത്തി. രൂപതാ ചാന്‍സലര്‍ ഫാ. ജോയി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.
സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജനതാ ദള്‍ (എസ്) കൊച്ചി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയര്‍ രാജിവച്ചൊഴിയണം. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഫെറിയില്‍ പുതിയ യാത്രാസംവിധാനം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി.ജെ. ഷാജി, ഡെന്‍സില്‍ മെന്റസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam