യുവതിയെ തട്ടിക്കൊണ്ടുപോകല്‍: ഒമ്പതുപേര്‍ റിമാന്‍ഡില്‍

Posted on: 31 Aug 2015കൊച്ചി: അഗതിമന്ദിരത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുള്‍പ്പെടെ ഒമ്പത് പേരെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വരാപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തി. ഞായറാഴ്ച മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.
ഹൈക്കോടതി ഉത്തരവനുസരിച്ച് വടുതല ശാന്തിനികേതനില്‍ പാര്‍പ്പിച്ചിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.
യുവാവിനൊപ്പം വീടുവിട്ട കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് സപ്തംബര്‍ ഒമ്പതിലേക്ക് മാറ്റിയ കോടതി, യുവതിയെ ശാന്തിനികേതനില്‍ പാര്‍പ്പിക്കാനും ഉത്തരവിട്ടു.
ജൂലായ് 29 മുതല്‍ ശാന്തിനികേതനില്‍ കഴിയുന്ന യുവതിയെ ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് ബാലുശ്ശേരിയില്‍ നിന്നെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. ശാന്തിനികേതന്‍ ജീവനക്കാരെ മര്‍ദിച്ചശേഷമാണ് യുവതിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്.
തുടര്‍ന്ന് വരാപ്പുഴ ഭാഗത്തു നിന്ന് ചേരാനല്ലൂര്‍ പൊലീസ്, സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴിക്കോട് ബാലുശ്ശേരി കൈരളി റോഡ് നെല്ലുങ്കല്‍ മനോഹരന്‍ (59), ഭാര്യ ഷീല (48), മനോഹരന്റെ ബന്ധു ബാലുശ്ശേരി നന്മണ്ട തൊട്ടുകടവത്ത് അംശുതന്‍ (24), നന്മണ്ട കിളിയാനക്കൊണ്ടി വീട്ടില്‍ വിഷ്ണു (22), എറണാകുളം പറവൂര്‍ വടക്കേക്കര മൂത്തകുന്നം കൈമഠത്തില്‍ സ്വരാജ് (29), ബാലുശ്ശേരി പൊതിയോത്ത് മീത്തല്‍ സുജിത്ത് (37), സുല്‍ത്താന്‍ ബത്തേരി അനിത ക്വാര്‍ട്ടേഴ്‌സില്‍ പി.പി. റിലേഷ് (32), ബാലുശ്ശേരി പൊടിക്കോത്ത് ധനേഷ്‌കുമാര്‍ (24), തലശ്ശേരി മീത്തല്‍ മഞ്ജുള്‍ (30) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

More Citizen News - Ernakulam