മാലിന്യം ശേഖരിക്കാന്‍ നടപടികളേറെ; പക്ഷേ, ശീലം മാറുന്നില്ല

Posted on: 31 Aug 2015കാക്കനാട്: മാലിന്യം ശേഖരിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്ക് പദ്ധതികളേറെ ഉണ്ടെങ്കിലും റോഡുവക്കില്‍ വലിച്ചെറിയുന്ന ശീലം ഇപ്പോഴും തുടരുന്നു. പ്ലാസ്റ്റിക് കവറില്‍ ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം നിറച്ച് റോഡുവക്കിലേക്ക് വലിച്ചെറിയുവാനാണ് പലര്‍ക്കും താത്പര്യം. നഗരസഭയില്‍ മാലിന്യം ശേഖരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. ഒട്ടുമിക്ക വാര്‍ഡുകളിലും പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളുമുണ്ട്. വീടുകളില്‍ മാലിന്യം സംസ്‌കരിക്കാനുള്ള ഒട്ടേറെ മാര്‍ഗങ്ങളും നഗരസഭ നിര്‍ദേശിച്ചു.
റോഡുവക്കില്‍ 'മാലിന്യം ഇടരുത്' എന്നെഴുതിയ ബോര്‍ഡ് നഗരസഭ വച്ചാല്‍ തൊട്ടപ്പുറത്ത് മാലിന്യം ഇടും. ഇതൊഴിവാക്കാന്‍ പൂച്ചട്ടികള്‍ വച്ച് പരീക്ഷണം നടത്തി. അപൂര്‍വം ചിലയിടങ്ങളില്‍ വിജയിച്ചു. മറ്റിടങ്ങളില്‍ പൂച്ചട്ടി അടക്കം കാണാതായി. ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ ഇപ്പോഴും ആളുകള്‍ സഞ്ചിയില്‍ പൊതിഞ്ഞ് മാലിന്യം വഴിയില്‍ തള്ളുകയാണ്. അത്താണി, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ്, ചിറ്റേത്തുകര, തെങ്ങോട് തുടങ്ങി പല സ്ഥലങ്ങളിലും റോഡുവക്കിലാണ് മാലിന്യം തള്ളുന്നത്.
തെരുവുനായ്ക്കള്‍ മാലിന്യപ്പൊതി കടിച്ചുകീറി വീടിന്റെ മുന്നിലും പരിസരത്തും കൊണ്ടിടുന്നു. കാനകളിലേക്ക് വീഴുന്ന പ്ലാസ്റ്റിക് കവറുകള്‍ വെള്ളം ഒഴുകി പോകാന്‍ തടസ്സമാകുന്നു. കൊതുകുശല്യവും രോഗബാധയുമാണ് മറ്റൊരു പ്രശ്‌നം. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നു വിചാരിച്ചാണ് കണ്ണടച്ച് ചിലര്‍ മാലിന്യം കൊണ്ടിടുന്നത്. ഇക്കൂട്ടരെ പിടികൂടാന്‍ ചില സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് നഗരസഭ.

More Citizen News - Ernakulam