മദ്യവില്പനശാലയുടെ കരിങ്കല്ലുകെട്ടി അടച്ച ഗേറ്റ് പോലീസ് തുറന്നു

Posted on: 31 Aug 2015കിഴക്കമ്പലം: കിഴക്കമ്പലത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയുടെ കരിങ്കല്ലുകെട്ടി അടച്ച ഗേറ്റ് പോലീസ് തുറന്നു. ശനിയാഴ്ചയാണ് ഡിപ്പോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ജനകീയ കൂട്ടായ്മയായ ട്വന്റി 20-യുടെ സഹകരണത്തോടെ ഡിപ്പോയുടെ ഗേറ്റ് കരിങ്കല്ലുകെട്ടി അടച്ചത്.
ജൂലായ് 28 ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഒരു മാസത്തിനകം കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ബിവറേജസ് കോര്‍പ്പറേഷനോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ആഗസ്ത് 28 ന് മുമ്പ് മുറി ഒഴിഞ്ഞുകിട്ടാത്ത സാഹചര്യത്തില്‍ ഉടമ ഡിപ്പോയിലേക്കുള്ള പ്രവേശനം നിഷേധിച്ചാണ് മതില്‍ കെട്ടിയത്.
എന്നാല്‍, കോടതി പറഞ്ഞിരുന്ന തീയതിക്കുള്ളില്‍ മുറി ഒഴിഞ്ഞു കിട്ടിയില്ലെങ്കില്‍ വീണ്ടും കോടതിയെത്തന്നെ സമീപിച്ച് വിധി നടത്തിച്ചെടുക്കുകയാണ് വേണ്ടിയിരുന്നതെന്നും കോടതി ഉത്തരവിലൂടെ മാത്രമേ മുറി ഒഴിപ്പിക്കാനാകൂവെന്നും ആലുവ എസ്.പി. യതീഷ് ചന്ദ്ര പറഞ്ഞു. ഡിപ്പോ പ്രവര്‍ത്തിക്കുന്ന സ്ഥലം കെട്ടിയടയ്ക്കാന്‍ ഉടമയ്ക്ക് അവകാശമില്ല. ഈ സാഹചര്യത്തിലാണ് കരിങ്കല്‍ക്കെട്ട് പൊളിച്ചുമാറ്റിയതെന്ന് എസ്.പി. പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ആലുവ റൂറല്‍ എസ്.പി.യുടെയും പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഹരികൃഷ്‌ണെന്റയും നേതൃത്വത്തിലെത്തിയ പോലീസ് സേന കരിങ്കല്‍ക്കെട്ട് പൊളിച്ചുമാറ്റാന്‍ നേതൃത്വം നല്‍കിയത്. റോഡ് ഇരു ഭാഗത്തും ബ്ലോക്ക് ചെയ്തിരുന്നു. ജെസിബികളും ടിപ്പറുകളും കരിങ്കല്‍ക്കെട്ട് പൊളിക്കാനും മാറ്റാനും ഉപയോഗിച്ചു.
ഇതിനിടെ, ഡിപ്പോ പ്രവര്‍ത്തിക്കുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സമീപസ്ഥരായ വീട്ടുകാര്‍ എസ്.പി.യോട് വിശദീകരിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഡിപ്പോ മാറ്റിക്കൂടേ എന്ന് എസ്.പി. ഡിപ്പോ മാനേജരോടാരാഞ്ഞു. ഗതാഗത തടസ്സങ്ങളും അപകടങ്ങളും പെരുകുന്ന സാഹചര്യമുള്ളതിനാല്‍ ഡിപ്പോ മാറ്റണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന് കത്ത് നല്‍കാന്‍ എസ്.പി. ഡിവൈ.എസ്.പി.യോട് നിര്‍ദേശിച്ചിട്ടുണ്ട്. ആഗസ്ത് 28-നകം ഒഴിഞ്ഞുകൊടുക്കണമെന്ന് കോടതി ഉത്തരവിടുകയും പഞ്ചായത്തിന്റെ ലൈസന്‍സില്ലാത്ത സര്‍ക്കാര്‍ സ്ഥാപനം തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിന് ശ്രമിക്കുന്നതില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ട്.

More Citizen News - Ernakulam