ഓലക്കുടചൂടി വരന്‍, ചട്ടയും മുണ്ടുമണിഞ്ഞ് വധു

Posted on: 31 Aug 2015താരവിവാഹം വ്യത്യസ്തമായി

കൊച്ചി:
ഓലക്കുട ചൂടി രണ്ടാം മുണ്ട് ഇടത് തോളിലിട്ട്്് വരനെത്തിയപ്പോള്‍ വധുവെത്തിയത് ചട്ടയും മുണ്ടുമണിഞ്ഞ്. മുല്ലമാലയിട്ട് താമരമൊട്ടുകൊണ്ട് മെടഞ്ഞ പൂച്ചെണ്ട്്് നല്‍കി പരിവാരങ്ങള്‍ അവരെ സ്വീകരിച്ചപ്പോള്‍ വിവാഹത്തിനെത്തിയവര്‍ കൗതുകപൂര്‍വം കണ്ടുനിന്നു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഞായറാഴ്ച നടന്ന നടി മുക്തയുടേയും ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടേയും വിവാഹ ചടങ്ങുകളാണ് പരമ്പരാഗത ക്രൈസ്തവ രീതി പിന്‍തുടര്‍ന്ന് ശ്രദ്ധേയമായത്.
സ്വര്‍ണത്തില്‍ മുങ്ങിക്കുളിച്ചുള്ള ആര്‍ഭാടങ്ങള്‍ വേണ്ടെന്നു വെച്ച് ചട്ടയും മുണ്ടുമുടുത്ത മണവാട്ടിയായാണ് മുക്ത പള്ളിയിലെത്തിയത്. 10 പവനില്‍ കൂടുതല്‍ സ്വര്‍ണം വിവാഹത്തിന് ധരിക്കില്ലെന്ന് മുക്ത നേരത്തെ തീരുമാനിച്ചിരുന്നു. ഓലക്കുട ചൂടിയെത്തിയ വരന്‍ റിങ്കു ടോമിക്കൊപ്പം മുക്ത പള്ളിയിലേക്ക് നടന്നു. ഒപ്പം ചട്ടയും മുണ്ടുമുടുത്ത തോഴിമാര്‍ കുന്തിരിക്കത്തിന്റെ സുഗന്ധം പകരുന്ന താലവും ചെറിയ ഓലക്കുടകളുമായി ഇരുവരെയും അനുമഗിച്ചു. റിമി ടോമിക്കും ഭര്‍ത്താവ് റോയിക്കും മാതാപിതാക്കള്‍ക്കും സ്തുതി നല്‍കിയാണ് മുക്ത പള്ളിയിലേക്ക് കടന്നത്. തുടര്‍ന്ന് ദിവ്യബലി കര്‍മങ്ങളോടൊപ്പം റിങ്കു ടോമി മുക്തയ്ക്ക് മിന്നുകെട്ടി.
റിമിയുടെ മാതാവ് റാണി ടോമി, സഹോദരന്‍ റിനു ടോമി, മുക്തയുടെ മാതാപിതാക്കളായ ജോര്‍ജ്, സാലി എന്നിവരുള്‍പ്പെടെ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് വിവാഹ കര്‍മത്തില്‍ പങ്കെടുത്തത്. പാലായി വീട്ടില്‍ പരേതനായ ടോമി ജോസഫാണ് റിമിയുടെ പിതാവ്. സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കായി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിവാഹ സത്കാരം വൈകീട്ട് നടത്തി.
യുവജനോത്സവ വേദികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും സജീവമായ എല്‍സ ജോര്‍ജ് എന്ന മുക്ത 2005-ല്‍ സംവിധായകന്‍ ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞ മുക്തയുടെ പുതിയ ചിത്രമായി ഇറങ്ങിയത് ആര്യ നായകനാകുന്ന 'വി.എസ്.ഒ.പി.'യാണ്. കൊച്ചിയിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ രവിപുരത്തെ ഡിഎന്‍ആര്‍ കമ്പനി മാനേജിങ് ഡയറക്ടറാണ് റിങ്കു ടോമി. ഈ മാസം 23-നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

More Citizen News - Ernakulam