മലിനീകരണം: മാഞ്ഞാലിയിലെ വര്‍ക്ക്‌ഷോപ്പിനെതിരെ നാട്ടുകാര്‍

Posted on: 31 Aug 2015കരുമാല്ലൂര്‍: മാഞ്ഞാലി മാവിന്‍ചുവട്ടില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പ് വലിയ മലിന്യപ്രശ്‌നം സൃഷ്ടിക്കുകയാണെന്നാരോപിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭം തുടങ്ങി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കരുമാല്ലൂര്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി. വാഹനങ്ങള്‍ കഴുകി വില്പന നടത്താനുള്ള അനുമതിയോടെയാണ് മാവിന്‍ചുവട് കവലയ്ക്ക് സമീപം രണ്ടര വര്‍ഷം മുന്‍പ് ഈ സ്ഥാപനം തുടങ്ങിയത്. എന്നാല്‍ അടുത്തിടെയായി പെയിന്റിങ്ങും പാച്ച് വര്‍ക്കും ഉള്‍പ്പടെയുള്ള ജോലികളാണ് ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പെയിന്റ് വായുവില്‍ കലരുകയും അത് സമീപത്തെ വീടുകളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളിലേക്കുവരെ കലരുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവും തുറന്നുവച്ചാല്‍ പെയിന്റിന്റെ മണമാണുള്ളത്. വാഹനങ്ങള്‍ സര്‍വീസ് ചെയ്യുമ്പോള്‍ ഡീസലും ഓയിലും ഒഴുകി ജലസ്രോതസ്സുകളിലേക്കും എത്തുന്നുണ്ട്. കുടിവെള്ളത്തില്‍ കലരുമ്പോള്‍ അത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതെല്ലാം കാണിച്ചാണ് നാട്ടുകാര്‍ ഒപ്പിട്ട പരാതി കരുമാല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സര്‍പ്പിച്ചത്. അതുപ്രകാരം അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതുപോലെ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി തേടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

More Citizen News - Ernakulam