'ലാവണ്യ'ത്തിന് വന്‍ ജനപങ്കാളിത്തം; താരപ്പകിട്ടുമായി ചതയം നാള്‍

Posted on: 31 Aug 2015കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷ പരിപാടികളില്‍ ഏറ്റവും വര്‍ണപ്പകിട്ടുള്ള ദിനമായിരുന്നു, ചതയദിനമായിരുന്ന ഞായറാഴ്ച. വെള്ളിത്തിരയിലെ താരങ്ങള്‍ നിറഞ്ഞാടിയ വേദിയില്‍ ചിരിയുടെ പൂക്കുരവകള്‍ ചിതറിയപ്പോള്‍ സദസ്സിന് അത് അവിസ്മരണീയമായ ഓണവിരുന്നായി.
എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കൊച്ചിന്‍ കോര്‍പ്പറേഷനും ചേര്‍ന്ന് ഒരുക്കിയ 'ലാവണ്യ'ത്തിന്റെ മൂന്നാം ദിവസം പ്രമുഖ ഹാസ്യതാരങ്ങളാണ് അണിനിരന്നത്.
ഗിന്നസ് പക്രുവിനൊപ്പം ബിജുക്കുട്ടന്‍, സാജു നവോദയ (പാഷാണം ഷാജി), റെജി രാമപുരം, ദേവീചന്ദന തുടങ്ങിയ താരങ്ങള്‍ ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിലെ വേദിയില്‍ ചിരിവിരുന്നുമായി എത്തി. ഓരോ നമ്പരുകളും നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് വരവേറ്റത്.
ഗിന്നസ് പക്രുവിന്റെ നേതൃത്വത്തിലുള്ള മെഗാ ഷോയില്‍ ജൂനിയര്‍ ശിവമണി ജിനോ കെ. ജോസിന്റെ പെര്‍ക്കഷന്‍ ദൃശ്യ-ശ്രവ്യ വിസ്മയം തീര്‍ത്തു. സംഗീതലഹരി പകരാന്‍ ജിന്‍സ് ഗോപിനാഥും നിയ ജോയിയും സംഘവും ഉണ്ടായിരുന്നു.
മെഗാ ഷോയ്ക്കു മുന്നോടിയായി, വൈകീട്ട് 5.30-ന് കൊച്ചിന്‍ ഇ മെയില്‍സ് അവതരിപ്പിച്ച പ്രത്യേക പരിപാടിയും അരങ്ങേറി.
തിങ്കളാഴ്ച വൈകുന്നേരം 5.30 മുതല്‍ വിന്‍ഡ്‌സ് ആന്‍ഡ് വേവ്‌സ് എന്ന ബാന്‍ഡ് അവതരണവും മനോജ് ഗിന്നസും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോയും ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകന്‍ ദീപാങ്കുരനും നയിക്കുന്ന സംഗീത സന്ധ്യ. പ്രവേശനം സൗജന്യം.

More Citizen News - Ernakulam