ഓട്ടോയില്‍ മദ്യ വില്പന; 45 കുപ്പിയുമായി ഒരാള്‍ പിടിയില്‍

Posted on: 31 Aug 2015ആലുവ: ബിവറേജ് അവധി ദിനത്തില്‍ ഓട്ടോറിക്ഷയില്‍ മദ്യ വില്പന നടത്തിയ ആളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കടുങ്ങല്ലൂര്‍ ഏലൂക്കര മഠത്തില്‍ വീട്ടില്‍ അനില്‍കുമാറിനെയാണ് (34) അറസ്റ്റ് ചെയ്തത്.
ആലുവ, വരാപ്പുഴ, പറവൂര്‍ എന്നിവിടങ്ങളില്‍ മദ്യ വില്പന നടത്തി വരികയായിരുന്നു പ്രതി. എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ. ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തിലാണ് അനില്‍കുമാറിനെ പിടികൂടിയത്.
22.5 ലിറ്റര്‍ വരുന്ന 45 കുപ്പി മദ്യവും കണ്ടെടുത്തു. 250 രൂപ വില വരുന്ന മദ്യം 400 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. രണ്ട് വര്‍ഷമായി ഡ്രൈഡേ ദിനത്തില്‍ ഇയാള്‍ മദ്യവില്പന നടത്തി വരികയായിരുന്നുവെന്ന് സി.ഐ. പറഞ്ഞു. ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്.
തുടര്‍ നടപടികള്‍ക്കായി വരാപ്പുഴ റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ജബ്ബാര്‍, പി.കെ. ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഡി. ജോസ്, കൃഷ്ണകുമാര്‍, സാജന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam