മരത്തില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

Posted on: 31 Aug 2015അങ്കമാലി: മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെയിറക്കി. മംഗലശ്ശേരി വേഴപറമ്പന്‍ വീട്ടില്‍ ജോസ്(65)ആണ് മരത്തില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ 11.15നാണ് സംഭവം.
കറുകുറ്റി കേബിള്‍ നഗര്‍ കൊടുങ്ങൂരാന്‍ വീട്ടില്‍ കെ.പി.തോമസിന്റെ വളപ്പിലെ മരുത് മരത്തില്‍ കൊമ്പ് വെട്ടാന്‍ കയറിയതാണ് ജോസ്. 50 അടിയോളം ഉയരമുള്ള മരത്തില്‍ കയറി വെട്ടുന്നതിനിടെ കൊമ്പ് ഒടിഞ്ഞ് തൂങ്ങി. കൊമ്പിന്റെയും തടിയുടെയും ഇടയില്‍ ജോസിന്റെ വലതുകൈ കുടുങ്ങുകയും ചെയ്തു. ജോസ് ഉറക്ക നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. കറുകുറ്റി സ്വദേശി വര്‍ഗീസ് ഉടന്‍ മരത്തില്‍ കയറി ഒടിഞ്ഞു തൂങ്ങിയ കൊമ്പ് തടിയില്‍ നിന്ന് വേര്‍പെടുത്തി താഴേക്കിട്ടു. അതോടെ ജോസിന്റെ കൈ സ്വതന്ത്രമായി.
കൈയ്ക്ക് പരിക്കേറ്റതിനാല്‍ ജോസിന് താഴെയിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് നാട്ടുകാര്‍ അങ്കമാലി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് വര്‍ഗീസിന്റെ സഹായത്തോടെ ജോസിനെ വലയിലിരുത്തി താഴെയിറക്കി. ഒരു മണിക്കൂറോളം നേരം ജോസ് വേദന കടിച്ചമര്‍ത്തി മരത്തില്‍ കഴിച്ചുകൂട്ടി. വര്‍ഗീസ് മരത്തില്‍ കയറി ജോസിനെ ഫയര്‍ഫോഴ്‌സ് എത്തുംവരെ സുരക്ഷിതമായി പിടിച്ചിരുത്തിയിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
അങ്കമാലി ഫയര്‍‌സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി.പ്രസന്നകുമാര്‍,ഉദ്യോഗസ്ഥരായ ബെന്നി അഗസ്റ്റിന്‍,പി.കെ.അജിത്ത് കുമാര്‍,പി.എ.ഷാജന്‍,റെജി.എസ്.വാര്യര്‍,ഡബ്ല്യു.എസ്.ബിനു,ടി.ആര്‍.ഷിബു,ജിബി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ജോസിനെ രക്ഷപ്പെടുത്തിയത്. ജോസിനെ അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Ernakulam