കരിയാട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നു; ജനം പൊറുതിമുട്ടി

Posted on: 31 Aug 2015നെടുമ്പാശ്ശേരി: കരിയാട്ടില്‍ പതിവായി കക്കൂസ് മാലിന്യം തള്ളുന്നതിനാല്‍ ജനം ദുരിതത്തില്‍. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചിട്ടും കക്കൂസ് മാലിന്യം കരിയാട്ടില്‍ നിന്നും ഒഴിയുന്നില്ല. അസഹ്യമായ ദുര്‍ഗന്ധത്തിനു പുറമെ ജലസ്രോതസും മലിനപ്പെടുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഈ മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കരിയാട്ടില്‍ ക്യാമറ സ്ഥാപിക്കുകയും വഴിവിളക്കുകള്‍ തെളിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ക്യാമറ സ്ഥാപിച്ചതോടെ ഒരു മാസക്കാലം കക്കൂസ് മാലിന്യവുമായി വാഹനങ്ങള്‍ എത്തിയില്ല. ആശ്വാസമായെന്ന് കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇവിടെ വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത്. ദേശീയപാതയോരത്തുള്ള തോട്ടിലാണ് കക്കൂസ് മാലിന്യവും മറ്റും മാലിന്യങ്ങളും തള്ളുന്നത്. മാലിന്യം തള്ളുന്നത് തടയാന്‍ റോഡിന് ഇരുവശവും വല സ്ഥാപിച്ചിരുന്നു. എന്നിട്ടും മാലിന്യം തള്ളുന്നതിന് അറുതി വന്നില്ല. നെടുമ്പാശ്ശേരി പഞ്ചായത്ത് ഓഫിസിന് 100 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തോട്ടിലാണ് പതിവായുള്ള മാലിന്യം തള്ളല്‍. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തേന്‍കുളം, പൊന്നാംപറമ്പ് റസിഡന്റ്‌സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam