ശ്രീകൃഷ്ണജയന്തി ആഘോഷം തുടങ്ങി കോഴിപ്പിള്ളിയില്‍ ഇന്ന് ഗോമാതാപൂജ

Posted on: 31 Aug 2015കൂത്താട്ടുകുളം: കോഴിപ്പിള്ളി മേഖലയില്‍ പത്ത് കേന്ദ്രങ്ങളില്‍ പതാകദിനാചരണത്തോടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോഴിപ്പിള്ളി ഭഗവതീ ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ 9 ന് ഗോമാതാപൂജ നടക്കും.
പശുക്കളെയും കിടാക്കളെയും പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിച്ച് തിലകം ചാര്‍ത്തും. ക്ഷേത്രം മേല്‍ശാന്തി ഇടമനയില്ലത്ത് ഇ.എന്‍. സുനില്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. ബുധനാഴ്ച രാവിലെ ക്ഷേത്രാങ്കണതില്‍ ഉറിയടി ആഘോഷം നടക്കും. ശ്രീകൃഷ്ണ ബാലലീലകളെ ഓര്‍മിപ്പിക്കുന്ന ഉരല്‍വലി, വെണ്ണയെടുക്കല്‍ എന്നിവയും നടക്കും. ശനിയാഴ്ച വൈകിട്ട് 4 ന് മഹാശോഭായാത്ര കാരമല പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്ന് കോഴിപ്പിള്ളി ഭഗവതീ ക്ഷേത്രത്തിലേക്ക് നടക്കും. ബാലമുരളിവിഗ്രഹമേന്തിയ രഥം ഉണ്ണിക്കണ്ണന്‍മാരുടെയും രാധമാരുടെയും വേഷങ്ങള്‍ നാമസങ്കീര്‍ത്തനസംഘം എന്നിവ ശോഭായാത്രയില്‍ അണിനിരക്കും.
ഘോഷയാത്രയ്ക്ക് പുളിയ്ക്കമാലില്‍ കവല, കോഴിപ്പിള്ളി എന്‍.എസ്.എസ്. കരയോഗം, കറുകശ്ശേരി പരദേവത ക്ഷേത്രം കോഴിപ്പിള്ളി എസ്.എന്‍.ഡി.പി. ശാഖ, കോഴിപ്പിള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രം എന്നിവിടങ്ങളില്‍ വരവേല്‍പ്പ് നല്കും.
രഥഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സീരിയല്‍ താരം ചാരുത ബൈജു ഭദ്രദീപം തെളിക്കും. ഗുരുവായൂര്‍ സൗപര്‍ണിക കലാലയത്തിന്റെ വിസ്മയക്കാഴ്ച, പുറപ്പുഴ അര്‍ജുന നൃത്തസംഘത്തിന്റെ അമ്മന്‍കുടം, വിളക്കാട്ടം എന്നിവ ഉണ്ടാകും. രാധാകൃഷ്ണ വേഷങ്ങള്‍ അണിയുന്ന എല്ലാ കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ നല്കും.
ശനിയാഴ്ച വൈകിട്ട് കോഴിപ്പിള്ളി ഭഗവതീ ക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധന നടക്കും. അവല്‍പ്രസാദം, പാല്‍പ്പയാസവിതരണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ടി.എന്‍. ഷാജിമോന്‍ തലച്ചിറയില്‍, അജീഷ് തങ്കപ്പന്‍, ശ്രീജിത്ത് ചന്ദ്രന്‍, പി.എം. മനോജ്, വി.സി. പ്രസാദ്, അരുണ്‍ പി. മോഹന്‍, രതീഷ് മാന്തോട്ടത്തില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

More Citizen News - Ernakulam