തൃക്കാക്കര തിരുവോണ സദ്യയ്ക്ക് ആയിരങ്ങള്‍

Posted on: 30 Aug 2015കളമശ്ശേരി: തൃക്കാക്കര മഹാക്ഷേത്രത്തില്‍ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ തിരുവോണ സദ്യയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി. വെള്ളിയാഴ്ച രാവിലെ 10.30 നാരംഭിച്ച സദ്യയില്‍ 16,000 ത്തോളം പേര്‍ സദ്യ ഉണ്ടതായി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികള്‍ പറഞ്ഞു.
സാമ്പാര്‍, മോര്, കാളന്‍, അവിയല്‍, മാങ്ങാക്കറി, ഉപ്പേരി, പപ്പടം, പായസം തുടങ്ങി 21 ഓളം വിഭവങ്ങളാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 110 അംഗ പാചകസംഘം സദ്യയ്ക്ക് തയ്യാറാക്കിയിരുന്നത്.
ജസ്റ്റിസ് ഹരിപ്രസാദ്, ബെന്നി ബഹനാന്‍ എം.എല്‍.എ, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, തൃക്കാക്കര-കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സദ്യ ഉണ്ണാനെത്തിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാക്കര സബ് ഗ്രൂപ്പ് ഓഫീസര്‍ ജെ. ജയകുമാര്‍, ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ അഡ്വ. പി.കെ. സോമസുന്ദരന്‍ നായര്‍, കെ.ടി. രാജന്‍, സി.എന്‍. സന്തോഷ്‌കുമാര്‍, കെ. ജനാര്‍ദനന്‍ നായര്‍, തുടങ്ങിയവര്‍ തിരുവോണ സദ്യ ഒരുക്കുന്നതിനും വിളമ്പുന്നതിനും നേതൃത്വം നല്‍കി.
ക്ഷേത്രത്തില്‍ രാവിലെ 7.30ന് മഹാബലിയെ എതിരേറ്റു. തുടര്‍ന്ന് നടന്ന ശ്രീബലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ പഞ്ചാരിമേളം തിരുവാല്ലൂര്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ നാദസ്വരം, തവില്‍ എന്നിവ ഉണ്ടായി. കാവില്‍ ഉണ്ണികൃഷ്ണ വാര്യരുടെ കുടുക്കവീണക്കച്ചേരി ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടന്നു.
വൈകീട്ട് കൊടിയിറക്കല്‍, കാണിക്ക, ആറാട്ട്, ആറാട്ടെഴുന്നള്ളിപ്പ്, ചോറ്റാനിക്കര നന്ദപ്പന്‍ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, പാണ്ടിമേളം, സ്‌പെഷല്‍ നാദസ്വരം, തവില്‍, ചിത്ര സുബ്രഹ്മണ്യത്തിന്റെ വീണക്കച്ചേരി, തൃക്കാക്കര എന്‍.എസ്.എസ്. വനിതാ വേദിയുടെ തിരുവാതിരകളി തുടങ്ങിയവയും നടന്നു.
ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ സി.കെ. ചെല്ലപ്പന്‍ നായര്‍, എം. നാരായണന്‍ നായര്‍, കെ. രാജഗോപാലന്‍ പിള്ള, കെ. അനില്‍കുമാര്‍, ആലപ്പാട്ട് വേണുഗോപാല്‍, ഗിരിജ പി. മേനോന്‍, ഉമ വേണുഗോപാല്‍ തുടങ്ങിയവര്‍ ഉത്സവാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Ernakulam