ഡി.വൈ.എഫ്.ഐ. നേതാവിനെ പുറത്താക്കി

Posted on: 30 Aug 2015കോതമംഗലം: ഡി.വൈ.എഫ്.ഐ. കോതമംഗലം ബ്ലോക്ക് സെക്രട്ടറി ലൈജു പൗലോസിനെ സ്ഥാനത്ത് നിന്ന് നീക്കി. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിലുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണിത്. പാര്‍ട്ടി നടപടി എടുക്കാതെ ലൈജുവിന് ഭാരവാഹികത്വത്തില്‍ നിന്ന് സ്വയം ഒഴിവാകാന്‍ അവസരം നല്‍കുകയായിരുന്നുവെന്നാണ് വിവരം.
ഡി.വൈ.എഫ്.ഐ.യുടെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തിന് പുറമെ, സി.പി.എമ്മിന്റെ കോതമംഗലം ഏരിയ കമ്മറ്റി അംഗത്വവും വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗത്വവും ലൈജുവിന് നഷ്ടപ്പെട്ടു. പാര്‍ട്ടി അംഗത്വം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയ കമ്മിറ്റിയിലാണ് പാര്‍ട്ടിയുടേയും ഡി.വൈ.എഫ്.ഐ.യുടേയും സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ടിനേതൃത്വം എഴുതിവാങ്ങിയത്. ഈ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. രാജീവും പങ്കെടുത്തിരുന്നു.
ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്ഥനാണ് ലൈജു പൗലോസ്. ലൈജു സ്വയം ഒഴിവാകുകയായിരുന്നുവെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് നോട്ടപ്പുള്ളിയായിരുന്ന ലൈജുവിനെതിരെ വാളെടുക്കാന്‍ വി.എസ്. പക്ഷത്തിന് അവസരം നല്‍കാതെയായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. ലൈജുവിനെ പാര്‍ട്ടിയില്‍ സംരക്ഷിക്കുന്നതില്‍ വി.എസ്. പക്ഷത്തിന് എതിര്‍പ്പുണ്ട്.
ഡി.വൈ.എഫ്.ഐ.യുടെ ബ്ലോക്ക് സെക്രട്ടറിയായി ജില്ലാ കമ്മിറ്റി അംഗം ആന്റണി ജോണിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റിയാണ് ആന്റണിയെ സെക്രട്ടറിയാക്കിയത്. കെ.പി. ജയകുമാര്‍ പ്രസിഡന്റായി തുടരും.

More Citizen News - Ernakulam