മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ കൊടിയേറി

Posted on: 30 Aug 2015മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ചിങ്ങം 20 പെരുന്നാളിന് വികാരി ഫാ. ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ കൊടികയറ്റി.
മുളന്തുരുത്തി ഇടവകയില്‍ കബറടങ്ങിയിരിക്കുന്ന പ. യുയാക്കിം മാര്‍ കൂറിലോസ് ബാവയുടെയും പ. മാര്‍ ബസ്സേലിയോസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെയും ഓര്‍മപ്പെരുന്നാളുകളാണ് സംയുക്തമായി ആഘോഷിക്കുന്നത്.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി മാര്‍ മോറീസ് യാക്കൂബ് അംശീഖ് മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും നേതൃത്വം നല്‍കും.
വികാരിമാരായ ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. ജോസ് മുത്താരില്‍, ഫാ. ബേസില്‍ പറമ്പാത്ത് എന്നിവര്‍ കുര്‍ബാനകള്‍ക്ക് കാര്‍മികത്വം വഹിക്കും.
ചൊവ്വാഴ്ച രാവിലെ 8ന് മൂന്നിന്മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് വെള്ളിക്കുരിശും നടയില്‍പ്പെട്ടിയും ആഘോഷത്തോടെ പ. ബസ്സേലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവയുടെ കബറിങ്കല്‍ വയ്ക്കും.
വൈകീട്ട് 5.30ന് പ്രദക്ഷിണം പള്ളിയില്‍ നിന്ന് പുറപ്പെട്ട് കരവട്ടെ തെക്കേക്കുരിശിങ്കലും വടക്കേക്കുരിശിങ്കലും പ്രാര്‍ത്ഥന നടത്തും.
6 മണിക്ക് വി. യുയാക്കിം മാര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് കുറുപ്പംപടി മേഖലയില്‍ നിന്നുള്ള പ്രധാന കാല്‍നട തീര്‍ത്ഥയാത്രയെത്തും. കൊച്ചി ഭദ്രാസനത്തിന്റെ കാഞ്ഞിരമറ്റം മേഖല, ചെറായി- കൊച്ചി മേഖല, ആരക്കുന്നം മേഖല, നടമ, കരിങ്ങാച്ചിറ, കടുംഗമംഗലം, ചോറ്റാനിക്കര, കണയന്നൂര്‍ മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥയാത്രകളുമെത്തും.
ഇടവക മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതി, വ്യാപാരി- വ്യവസായി സമിതികള്‍, പൗരാവലി എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രകളെ സ്വീകരിച്ച് പള്ളിയിലേക്കാനയിക്കും. 7ന് ബാവമാരുടെ കബറുകളില്‍ പ്രത്യേക പ്രാര്‍ത്ഥന.

More Citizen News - Ernakulam