പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തി

Posted on: 30 Aug 2015പെരുമ്പാവൂര്‍: പെരിയാറില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും രണ്ട് കുട്ടികളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാറമ്പിള്ളി ശ്രീമൂലം പാലത്തില്‍ നിന്ന് കുട്ടികളെ പുഴയിലേക്ക് എറിഞ്ഞശേഷം ചാടാനായിരുന്നു യുവതിയുടെ ശ്രമം. വാഴക്കുളം എഴിപ്രം സ്വദേശിയായ യുവതിയാണ് 3 വയസ്സുള്ള പെണ്‍കുട്ടിയേയും 9 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനേയും പുഴയിലേക്കെറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേസമയം പാലത്തിലൂടെ ഓട്ടോയില്‍ വന്ന മാറമ്പിള്ളി മുക്കട വീട്ടില്‍ റഹിം ഇവരുടെ രക്ഷകനായി.
ശനിയാഴ്ച രാവിലെ 9.45നാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് നിന്ന് ഓട്ടോയില്‍ വരുന്നതിനിടെയാണ് പാലത്തിന് നടുഭാഗത്തായി നിന്നിരുന്ന യുവതി എന്തോ പുഴയിലേക്ക് എറിയുന്നത് റഹിം കണ്ടത്. നാട്ടുകാരില്‍ ചിലര്‍ മാലിന്യം പ്ലാസ്റ്റിക് കൂടിലാക്കി പുഴയിലേക്ക് എറിയുന്നത് പതിവായതിനാല്‍ ആദ്യം കാര്യമായെടുത്തില്ല. പിന്നീട് യുവതി പാലത്തിന്റെ കൈവരിയില്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ടതോടെ അപകടം മണത്തു. റഹിം ഓട്ടോ നിര്‍ത്തി ഓടിയെത്തി യുവതിയെ പിടിച്ചുനിര്‍ത്തി. ഈ സമയത്താണ് താഴെ ഒരുകുഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നത് കണ്ടത്. റഹിമിന്റെ ശബ്ദം കേട്ടാണ് താഴെ പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന ചേറാഞ്ഞിക്കുടി മാഹിന്‍, തോപ്പില്‍ പരീക്കുട്ടി എന്നിവര്‍ സംഭവം ശ്രദ്ധിക്കുന്നത്. വള്ളത്തില്‍ പാലത്തിന് താഴെ പാഞ്ഞെത്തിയ ഇവര്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്ന രണ്ട് കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തി. ഈ സമയം മുഴുവന്‍ പാലത്തിന് മുകളില്‍ യുവതിയെ പിടിച്ചുനിര്‍ത്തിയിരിക്കുകകയായിരുന്നു റഹിം. കൈ യുവതി കടിച്ച് മുറിച്ചിട്ടും റഹിം പിടിവിട്ടില്ല. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ യുവതിയേയും കുഞ്ഞുങ്ങളേയും ആദ്യം സമീപമുള്ള ഗൗരിലക്ഷ്മി മെഡിക്കല്‍ സെന്ററിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് വാഴക്കുളം പഞ്ചായത്തിന്റെ ആംബുലന്‍സില്‍ ആലുവ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ നിന്നെടുക്കുന്‌പോള്‍ കുട്ടികള്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ആസ്​പത്രിയിലെത്തിച്ചപ്പോഴേയ്ക്കും ഇവര്‍ സാധാരണ നിലയിലായി. രക്ഷാപ്രവര്‍ത്തനം നടത്തിയവരും ആലുവ പോലീസും വിവരങ്ങള്‍ തിരക്കിയെങ്കിലും യുവതി വിലാസമോ കൂടുതല്‍ വിവരങ്ങളോ പറഞ്ഞില്ല. ബന്ധുക്കളെത്തി ഉച്ചയോടെ ഇവരെ ആസ്​പത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് വിവരം.
അഞ്ച് ആളിലധികം താഴ്ചയില്‍ െവള്ളമുള്ള ഭാഗത്താണ് കുട്ടികള്‍ വീണത്. രാവിലെ പാലവും പരിസരവും വിജനമായിരുന്ന സമയത്തായിരുന്നു സംഭവം.
രക്ഷാപ്രവര്‍ത്തനം നടത്തിയ റഹിം, മാഹിന്‍, പരീക്കുട്ടി എന്നിവരെ സലിം സേഠിന്റെ അധ്യക്ഷതയില്‍ മാറമ്പിള്ളി പൗരാവലി അനുമോദിച്ചു.

More Citizen News - Ernakulam