ഓട്ടോയിലിടിച്ച കാര്‍ കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്‌

Posted on: 30 Aug 2015മൂവാറ്റുപുഴ: ഓട്ടോയിലിടിച്ച കാര്‍ നിയന്ത്രണംവിട്ട് കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി ഓട്ടോ-കാര്‍ ഡ്രൈവര്‍മാരും കുട്ടികളുമടക്കം നാല് പേര്‍ക്ക് പരിക്ക്. കടയിലെ ഉത്പന്നങ്ങള്‍ നശിച്ചു.
കാര്‍ ഓടിച്ചിരുന്ന പാലാ ഇരൂരിക്കല്‍ ഇ.ഡി. ജോര്‍ജ് (60), ഓട്ടോ ഡ്രൈവര്‍ വലമ്പൂര്‍ വളരുക്കാട്ടില്‍ നന്ദനന്‍ (54), യാത്രക്കാരായ വലമ്പൂര്‍ വളരുക്കാട്ടില്‍ സജീവന്റെ മക്കളായ ആദിത് (9), ആഷിഖ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ആദിതിനേയും ആഷിഖിനേയും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആനിക്കാട് ചിറപ്പടിക്ക് സമീപമാണ് അപകടം. തൃശ്ശൂരില്‍ നിന്ന് പാലായ്ക്ക് പോവുകയായിരുന്ന ജോര്‍ജ് ഓടിച്ചിരുന്ന കാര്‍ ആനിക്കാട് ചിറപ്പടിക്ക് സമീപമെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ സമീപത്തെ ചക്കരക്കാട് സ്റ്റോഴ്‌സിലേക്ക് പാഞ്ഞുകയറി. കടയുടെ ഉടമസ്ഥനായ അബ്ദുള്‍ സമദിന്റെ ഭാര്യ ലൈലയും രണ്ട്‌പേരും മാത്രമാണ് കടയ്ക്കുള്ളിലുണ്ടായിരുന്നത്. കാര്‍ പാഞ്ഞുകയറിയ ഭാഗത്ത് ആരുമുണ്ടായിരുന്നില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കാര്‍ ഇടിച്ച് അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങളും അലമാരകളും നശിച്ചു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

More Citizen News - Ernakulam