കൊച്ചി വളര്‍ത്തിയ പ്രണയം

Posted on: 30 Aug 2015കൊച്ചി: പ്രണയവും പോരാട്ടവും മാജിക് പോലെ ഇടകലര്‍ന്നുനിന്ന ജീവിതമായിരുന്നു അമ്പാട്ട് സുലോചനയുടേയും പ്രൊഫ. ഭാഗ്യനാഥിന്റേതും. സ്വാതന്ത്ര്യസമരം നിറംപകര്‍ന്ന ജീവിതം.
പാലക്കാട്ടെ പ്രമുഖ അമ്പാട്ട് കുടുംബത്തിലെ സുലോചന എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഭാഗ്യനാഥിനെ ആദ്യമായി കണ്ടത്. 14 വയസ്സിന്റെ അകല്‍ച്ചയുണ്ടായിരുന്നു അന്ന് അവര്‍ തമ്മില്‍. പക്ഷേ, അത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പത്തിന് തടസ്സമായില്ല.
ക്വിറ്റ് ഇന്ത്യ സമരമുഖത്ത് വച്ച് ഭാഗ്യനാഥിനെ കണ്ടപ്പോള്‍ സുലോചനയിലേക്ക് പടര്‍ന്നുകയറിയത് ദേശീയബോധം കൂടിയാണ്. കൊച്ചിയിലെ മന്ത്രിയായിരുന്ന ശിവരാമ മേനോന്റെ മകനായിരുന്നു ഭാഗ്യനാഥ്. എന്നിട്ടും ആ യുവാവ് സ്വാതന്ത്ര്യസമരത്തിന്റെ തീപ്പന്തമായി. അതിന്റെ തീക്ഷ്ണതയാണ് സുലോചനയെ ആകര്‍ഷിച്ചതും.
നാഷണല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ സെക്രട്ടറിയായിരുന്ന ഭാഗ്യനാഥിന് കുട്ടിക്കാലം തൊട്ടേ മാജിക്കില്‍ കമ്പമുണ്ടായിരുന്നു. മദ്രാസ് ജീവിതത്തോടെ അത് കൂടുതല്‍ ശക്തമായി. ഭാഗ്യനാഥ് കൊച്ചിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായിരുന്നപ്പോഴാണ് സുലോചനയുമായുള്ള പ്രണയം തീവ്രമായത്. അന്ന് മഹാരാജാസ് വിദ്യാര്‍ഥിനിയായിരുന്നു സുലോചന. പക്ഷേ, കാല്പനികതയ്ക്കപ്പുറം സമരവീര്യത്തിലാണ് അവരുടെ ബന്ധം ചുവന്നുതുടുത്തത്. മഹാരാജാസിലെ ചരിത്രം കുറിച്ച പതാക ഉയര്‍ത്തലിന് പിന്നില്‍ സുലോചനയുടെ ആവേശമായി ഭാഗ്യനാഥിന്റെ ഐക്യദാര്‍ഢ്യമുണ്ടായിരുന്നു.
മക്കള്‍ പക്ഷേ, സിനിമയുടെ വഴിയേ നടന്നു. മക്കളില്‍ വിധുബാല അച്ഛനൊപ്പം മാജിക് വേദികളിലൂടെയാണ് അരങ്ങിലേക്കെത്തിയത്. മധു അമ്പാട്ടാകട്ടെ ക്യാമറക്കാഴ്ചകളുടെ ലോകത്ത് ഐന്ദ്രജാലികനായി.
കൊച്ചിയില്‍ വളര്‍ന്നബന്ധമാണെങ്കിലും ചെന്നൈയിലേക്ക് താമസം മാറിയതോടെ സുലോചനയും ഭാഗ്യനാഥും ഇവിടേക്ക് അധികം വരാതെയായി. പക്ഷേ, ഈ നഗരം അവരുടെ ഓര്‍മകളില്‍ എന്നുമുണ്ടായിരുന്നു.

More Citizen News - Ernakulam