വീട്ടമ്മയെ കൊന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ബംഗാളികളായ ഭര്‍ത്താവും സഹോദരനും പിടിയില്‍

Posted on: 30 Aug 2015പിറവം: കാമുകിയെ സ്വന്തമാക്കാന്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ബംഗാളില്‍ നിന്ന് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവും സഹോദരനും പോലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് മര്‍ഗപ്പുര്‍ സ്വദേശികളായ സസംജിത്ത് മണ്ഡല്‍ (27), സഹോദരന്‍ ചിരഞ്ജിത്ത് മണ്ഡല്‍ (18) എന്നിവരാണ് പിറവത്തിനടുത്ത് അഞ്ചല്‍പ്പെട്ടിയില്‍ പിടിയിലായത്.
ബംഗാളില്‍ നിന്ന് ഇവിടെ പണിക്കെത്തിയ ചിലര്‍ തിരികെ നാട്ടിലെത്തിയപ്പോഴാണ് പ്രതികള്‍ കേരളത്തില്‍ ഒളിച്ച് താമസിക്കുന്നതായി മൂര്‍ഷിദാബാദ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് എസ്.ഐ. ഗൗതംകുമാര്‍ ദത്തിന്റെ നേതൃത്വത്തില്‍ മൂര്‍ഷിദാബാദ് പോലീസ് സംഘം പിറവത്തെത്തിയത്.
എസ്.ഐ. മാരായ കെ.കെ. ബ്രിജ്കുമാര്‍, പി.കെ. സത്യന്‍, എ.എസ്.ഐ. ബാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം ബംഗാള്‍ സംഘത്തിന് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കി. രാത്രി പന്ത്രണ്ടരയോടെ അഞ്ചല്‍പ്പെട്ടിയില്‍ ഇവര്‍ താമസിക്കുന്ന വീട് വളഞ്ഞാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. പിറവം കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളുമായി പോലീസ് സംഘം ബംഗാളിലേക്ക് മടങ്ങി. ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ ബസംജിത്ത് ഭാര്യ മിന്തുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. തലയ്ക്കടിച്ച് വീഴ്ചത്തിയ ശേഷം പുഴയില്‍ തള്ളി. എന്നാല്‍ ഇതിനിടയില്‍ ബോധം തിരിച്ചുകിട്ടിയ മിന്തുവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. എന്നാല്‍ ആശുപത്രിയിലാക്കിയ അവര്‍ പിന്നീട് മരിച്ചു. മിന്തുവിന്റെ മരണമൊഴി എടുത്തിരുന്നു. അതനുസരിച്ചാണ് പോലീസ് കേസെടുത്തത്.

More Citizen News - Ernakulam