ആര്‍.എസ്.എസ്. അക്രമം ഉമ്മന്‍ചാണ്ടി പ്രോത്സാഹിപ്പിക്കുന്നു -കോടിയേരി

Posted on: 30 Aug 2015കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുഡ്ബുക്കില്‍ ഇടം നേടാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആര്‍.എസ്.എസ്. അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇവരുടെ പിന്തുണയോടെ സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍.എസ്.എസ്.അക്രമം അഴിച്ചുവിടുകയാണ്. രഹസ്യ ധാരണ പ്രകാരം ആര്‍.എസ്.എസ്. കാര്‍ക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
സി.പി.എം.പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പോലീസ് ആര്‍.എസ്.എസ്. അക്രമികള്‍ക്കെതിരെ കണ്ണടയ്ക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം 28 സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ 17 പേരെയും കൊന്നത് ആര്‍.എസ്.എസ്സുകാരാണെന്ന് കോടിയേരി ആരോപിച്ചു. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സുകാരാല്‍ തന്നെ കൊല്ലപ്പെട്ടു. ഒരു ജനതാദള്‍ പ്രവര്‍ത്തകനെയും ആര്‍.എസ്സ്.എസ്സുകാര്‍ കൊന്നു.
പട്ടാമ്പിയില്‍ കഴിഞ്ഞ ദിവസം സി.പി.എം. പ്രവര്‍ത്തകനെ കോണ്‍ഗ്രസ്സുകാര്‍ ആസ്​പത്രിയില്‍ കയറി വെട്ടിക്കൊന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പരാജയപ്പെട്ടു.
കലാലയങ്ങളില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പോലീസ് പ്രവേശിക്കുന്നത് അടിയന്തരാവസ്ഥയുടെ നാളുകള്‍ തിരികെ കൊണ്ടുവരും. ഇതുസംബന്ധിച്ചുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും ഉത്തരവാദി. പ്രിന്‍സിപ്പലാണ് കോളേജിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അതിനുമുകളില്‍ സ്ഥലം എസ്.ഐ. വരുന്നത് അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണയോടെ ഭരിച്ച അച്യുതമേനോന്റെ കാലത്താണ് കലാലയങ്ങളില്‍ പോലീസ് കയറാന്‍ പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്ന ചട്ടം കൊണ്ടുവന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

More Citizen News - Ernakulam