മരണത്തിലും ഒരുമിച്ച് അമ്മയും മകളും

Posted on: 28 Aug 2015

തോപ്പുംപടി:
ബോട്ടപകടത്തില്‍ മരിച്ച ചെല്ലാനം പുത്തന്‍തോട് സ്വദേശിനി സിന്ധുവിന്റെയും മകള്‍ സുജിഷയുടെയും ജഡങ്ങള്‍ ഒരുമിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പുത്തന്‍തോട് കടലിനടുത്തുള്ള സിന്ധുവിന്റെ കൊച്ചുവീട്ടിലേക്ക് അപ്പോഴേക്കും ഗ്രാമം ഒന്നായി ഇരച്ചെത്തിയിരുന്നു. അമ്മയും മകളും ഒരുമിച്ചാണ് ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ച മകള്‍ സിന്ധുവിന്റെ എംപ്ലോയ്‌മെന്റ് കാര്‍ഡ് പുതുക്കുന്നതിന് വൈപ്പിനിലേക്ക് പോകുകയായിരുന്നു ഇവര്‍. ചെല്ലാനം ഗ്രാമത്തിലെ 43-ാം നമ്പര്‍ അങ്കണവാടിയിലെ വര്‍ക്കറായിരുന്നു സിന്ധു. ചൊവ്വാഴ്ച അങ്കണവാടിയുടെ ഓണാഘോഷത്തില്‍ സിന്ധുവും പങ്കെടുത്തിരുന്നു. സിന്ധുവിന്റെ ഭര്‍ത്താവ് കുഞ്ഞുമോന്‍ മരപ്പണിക്കാരനാണ്. മകന്‍ സുജിത്ത് എന്‍ജിനീയറിങ് ഡിപ്ലോമ കഴിഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് അമ്മയും മകളും വൈപ്പിനിലേക്ക് പോയത്. ഉച്ചയ്ക്ക് ഒന്നരയോടെ ബോട്ടില്‍ കൊച്ചിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധുവിന്റെ ജഡം അപകടസ്ഥലത്തുനിന്ന് അപ്പോള്‍ തന്നെ കണ്ടെത്തി. സിന്ധുവിന്റെ ശവസംസ്‌കാരത്തിനുള്ള സമയം നിശ്ചയിക്കണമെന്ന് പറയുമ്പോഴും ബന്ധുക്കള്‍ സമ്മതിച്ചില്ല. മകള്‍ സുജിഷയ്ക്കു വേണ്ടി കാത്തിരിക്കാനായിരുന്നു അവരുടെ തീരുമാനം. സിന്ധുവിന്റെ ജഡം ബുധനാഴ്ച രാത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ സുജിഷയുടെ ജഡം യാദൃച്ഛികമായി ചെല്ലാനം കോര്‍ട്ടീന ആസ്​പത്രിക്കു സമീപം കടലില്‍ കണ്ടെത്തുകയായിരുന്നു. മീന്‍ പിടിക്കാനിറങ്ങിയ തൊഴിലാളികളുടെ വലയിലാണ് ജഡം കുടുങ്ങിയത്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വീടിന്റെ പരിസരത്താണ് സുജിഷയുടെ ജഡം കണ്ടത്. ജഡം എറണാകുളത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഒടുവില്‍ രണ്ടുപേരുടെയും ജഡങ്ങള്‍ ഒരുമിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടിലെത്തിച്ചു.

അമ്മയുടെയും മകളുടെയും അന്ത്യയാത്ര തുടങ്ങുമ്പോള്‍, ഗ്രാമം കണ്ണീരിലായി. വൈകീട്ട് മൂന്നരയോടെ പള്ളുരുത്തി പൊതുശ്മശാനത്തിലായിരുന്നു ശവസംസ്‌കാരം. അപകടത്തില്‍ മരിച്ച ഫോര്‍ട്ട്‌കൊച്ചി അമരാവതി, പുളിക്കല്‍ വീട്ടില്‍ വോള്‍ഗയുടെയും ഭര്‍തൃസഹോദരന്‍ ജോയിയുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചാണ് കിടത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് അപകടസ്ഥലത്തുതന്നെ കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ വൈപ്പിനില്‍ പോയത്. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമരാവതിയിലേക്ക് ആയിരങ്ങളെത്തി. വൈകീട്ട് മൂന്നിന് അമരാവതി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ പള്ളിയിലായിരുന്നു ശവസംസ്‌കാരം.

More Citizen News - Ernakulam