ആ ബോട്ട് ഇങ്ങനെയായിരുന്നു

Posted on: 28 Aug 2015ഫോര്‍ട്ട്‌കൊച്ചി അപകടം
കൊച്ചി:
''കണ്ടംവെച്ച ആ ബോട്ടുകൊണ്ട് ഒരു കപ്പല്‍ മേടിക്കാനുള്ള കാശ് അവരുണ്ടാക്കിയിട്ടുണ്ട്...'' - ഫോര്‍ട്ടുകൊച്ചി ജലദുരന്തത്തില്‍ തകര്‍ന്ന ബോട്ടിനെപ്പറ്റി നാട്ടുകാരുടെ വിശേഷണം പൂര്‍ണമായും ശരിവെയ്ക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബോട്ടിന്റെ കാലപ്പഴക്കം കൊണ്ടല്ല അപകടമുണ്ടായതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും സുരക്ഷാ നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഈ ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്നത് സത്യമാണ്.
അപകടത്തില്‍പ്പെട്ട ബോട്ടിന് 35 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണ തീയതി കാണിക്കാതെയാണ് ബോട്ടിന് പുതിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് നിയമം. എന്നാല്‍ മാത്രമേ തുറമുഖ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കിട്ടുകയുള്ളൂ. ഇതിനായി ബോട്ട് അറ്റകുറ്റപ്പണികള്‍ക്ക് പ്രവേശിപ്പിക്കാറുണ്ടെങ്കിലും കൃത്യമായ പരിശോധനകള്‍ നടക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും പുതിയ ചായമടിച്ച് ബോട്ട് വീണ്ടും വെള്ളത്തിലിറക്കുകയാണെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിയമാനുസൃതമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിക്കാന്‍ പറ്റിയ മൂന്ന് ലൈഫ് ബോയകള്‍ മാത്രമാണ് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. നാല്പതിലേറെ പേര്‍ യാത്ര ചെയ്ത സമയത്ത് ബോട്ടില്‍ മൂന്ന് ലൈഫ് ബോയകള്‍ മാത്രം ഉണ്ടായിരുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. രാവിലെയുള്ള സമയങ്ങളില്‍ ഈ ബോട്ടില്‍ ഇതിന്റെ ഇരട്ടിയിലേറെ യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ആ സമയത്താണ് അപകടം നടന്നതെങ്കില്‍ അതൊരു വന്‍ ദുരന്തമായി മാറിെേയന എന്നും അവര്‍ പറയുന്നു.
ദുരന്തത്തില്‍പ്പെട്ട ബോട്ട് ഇതിനു മുമ്പും പലതവണ അപകടത്തിന്റെ വക്കിലെത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. പലതവണ എന്‍ജിന്‍ തകരാറായി ബോട്ട് കായലില്‍ നിന്നുപോയിട്ടുണ്ട്. എന്‍ജിന്‍ നിന്നതോടെ നിയന്ത്രണം വിട്ട് ബോട്ട് പലപ്പോഴും കപ്പല്‍ച്ചാലില്‍ ചെന്നുകയറി അപകടത്തിന്റെ വക്കിലെത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. നേവിയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും ബോട്ടുകള്‍ കടന്നുപോകുമ്പോള്‍ ഈ ബോട്ട് വല്ലാതെ ആടിയുലയുകയും വെള്ളം കയറാവുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

More Citizen News - Ernakulam