ഓണക്കാഴ്ചകളായി ത്രിവിക്രമ വാമനമൂര്‍ത്തിയുടെ ചുമര്‍ച്ചിത്രവും പ്രതിഷ്ഠയും

Posted on: 28 Aug 2015പിറവം: ത്രിവിക്രമ വാമനമൂര്‍ത്തിയുടെ അത്യപൂര്‍വമായ ചുമര്‍ച്ചിത്രവും പ്രതിഷ്ഠയും ഓണക്കാഴ്ചകളായി മാറുകയാണ് ഊരമന ക്ഷേത്രത്തില്‍. പുരാവസ്തു വകുപ്പ് ദേശീയ സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീലക ചുമരിലാണ് ത്രിവിക്രമ വാമനമൂര്‍ത്തിയുടെ അത്യപൂര്‍വമായ ചിത്രമുള്ളത്. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കര്‍ത്താവായ രാമപുരത്ത് വാര്യരുടെ ഭാര്യയുടെ സഹോദരി വരച്ചതാണ് ശ്രീലക ചുമരിലെ ഈ ചിത്രങ്ങള്‍ എന്നാണ് ഐതിഹ്യം. ത്രിവിക്രമ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ളത് രാമമംഗലത്തെ കണ്ടങ്കാവിലാണ്. കുഞ്ചന്‍ നമ്പ്യാരുടെ സമകാലിനനായിരുന്നു രാമപുരത്ത് വാര്യര്‍. ആ നിലക്ക് മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ശ്രീലക ചുമരിലെ ചിത്രങ്ങള്‍. മൂന്നു ലോകങ്ങളും അതിക്രമിച്ച, പാദം ഉര്‍ത്തി നില്‍ക്കുന്ന ത്രിവിക്രമ വാമനമൂര്‍ത്തിയുടെ ചിത്രമാണ് ഊരമനയിലെ ഉഗ്രനരസിംഹമൂര്‍ത്തിയുടെ ശ്രീകോവില്‍ ചുമരിലുള്ളത്. അസുരചക്രവര്‍ത്തി ൈവരോചനനും ദാനം സ്വീകരിക്കുന്ന ബ്രഹ്മചാരിയുമെല്ലാം ശ്രീലക ചുമരിലുണ്ട്. പ്രകൃതിജന്യ നിറക്കൂട്ടുകള്‍ ചാലിച്ചെഴുതിയ ചിത്രങ്ങള്‍ മനോഹരങ്ങളാണ്. രാമ-രാവണയുദ്ധം, കിരാതം, നരസിംഹാവതാരം തുടങ്ങിയ പുരാണ കഥാ സന്ദര്‍ഭങ്ങളും ഈ ശ്രീലക ചുമരില്‍ കാണാം.
ത്രിവിക്രമ വാമനമൂര്‍ത്തി പ്രതിഷ്ഠയുള്ള രാമമംഗലത്തെ കണ്ടങ്കാവ് ക്ഷേത്രസമുച്ചയം വൈഷ്ണവ, ശൈവ, ശാക്തേയ ഉപാസനകളുടെ ക്ഷേത്രമെന്ന നിലയിലാണ് അറിയപ്പെടുന്നത്.

More Citizen News - Ernakulam