സൗദിയില്‍ നിന്ന് ജയില്‍ മോചിതരായി 110 പേര്‍ മടങ്ങിയെത്തി

Posted on: 28 Aug 2015നെടുമ്പാശ്ശേരി: തൊഴില്‍ തട്ടിപ്പിനിരയായി സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന 110 ഇന്ത്യക്കാരെ ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. ഏഴ് പേര്‍ മലയാളികളാണ്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളവരാണ് മറ്റുള്ളവര്‍. കൊച്ചിയില്‍ വന്നിറങ്ങിയ ഇവരില്‍ പലരുടെയും കൈവശം നാട്ടിലേക്ക് പോകുന്നതിനുള്ള പണം പോലുമുണ്ടായിരുന്നില്ല. നോര്‍ക്ക എല്ലാവര്‍ക്കും യാത്രാ ചെലവിനായി രണ്ടായിരം രൂപ വീതം നല്‍കി.
വ്യാഴാഴ്ച രാവിലെ സൗദിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ എത്തിയത്. പലരും മൂന്നുമാസം വരെ ജയിലില്‍ കിടന്നവരാണ്. റിക്രൂട്ടിംഗ് ഏജന്‍സികള്‍ പറഞ്ഞ പ്രകാരമുളള തൊഴിലോ ശമ്പളമോ സൗദിയിലെത്തിയപ്പോള്‍ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഇവരില്‍ ഏറെപ്പേരും സ്‌പോണ്‍സര്‍മാരെ ഒഴിവാക്കി മറ്റ് പലരുടെ കീഴിലും ജോലി ചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്. നാട്ടിലേക്ക് പോരുന്നതിനായി പിടികൊടുത്തവരുമുണ്ട്.
തിരിച്ചുവന്നവരില്‍ ഏക വനിതയായ തമിഴ്‌നാട് സ്വദേശിനി സെലീന ഇക്കഴിഞ്ഞ മെയ് 27-നാണ് വീട്ടുജോലിക്കായി സൗദിയിലെത്തിയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. ശമ്പളം ഇവരെ കൊണ്ടുവന്നയാള്‍ നേരത്തേ കൈപ്പറ്റിയെന്നാണ് വീട്ടുടമ വെളിപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ആറോളം വീടുകളില്‍ മാറി മാറി ജോലി ചെയ്തു. പിന്നീട് ഒരു വീട്ടിലെത്തിയപ്പോള്‍ തന്നെ കൊന്നാലും ഇനി ജോലി ചെയ്യാന്‍ വയ്യെന്ന് പറഞ്ഞതിനാല്‍ വീട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്പിക്കുകയായിരുന്നു. ജയിലില്‍ മറ്റൊരു തടവുകാരനെ കാണാനെത്തിയയാള്‍ക്ക് തന്റെ ഏക സമ്പാദ്യമായ മൂക്കുത്തി 800 റിയാലിന് വിറ്റാണ് നാട്ടിലേക്ക് വരുന്നതിന് പൈസ കണ്ടെത്തിയതെന്ന് സെലീന പറഞ്ഞു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ് എല്ലാവരും നാട്ടില്‍ എത്തിയത്. അതുകൊണ്ടുതന്നെ ഇനി ഇവര്‍ക്കൊന്നും തിരികെ സൗദിയിലേക്ക് പോകാനും കഴിയുകയില്ല.

More Citizen News - Ernakulam