തൃക്കാക്കര ക്ഷേത്രത്തിലെ ആനയെഴുന്നള്ളിപ്പിന് എതിരെ കേസ്‌

Posted on: 28 Aug 2015കളമശ്ശേരി: തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ആനകളെ എഴുന്നള്ളിച്ചതിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തു. സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചതിനാണ് എറണാകുളം സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്‍ കേസ് എടുത്തത്.
ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മൂന്ന് ആനകളെയേ എഴുന്നള്ളിക്കാവൂ. എന്നാല്‍ അഞ്ച് ആനകളെ എഴുന്നള്ളിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത് കൂടാതെ ചില സമയത്ത് ഒന്‍പത് ആനകളെയും എഴുന്നള്ളിച്ചു.
ആനകളെ എഴുന്നള്ളിച്ച് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിച്ചില്ല. പകല്‍ 11നും 4നും ഇടയ്ക്ക് ആനകളെ എഴുന്നള്ളിക്കരുത്. എന്നാല്‍ 12 മണിക്ക് ആനകളെ എഴുന്നള്ളിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്, സെക്രട്ടറി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാക്കര സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്വേഷണത്തിനു ശേഷം ആവശ്യമാണെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കെ.ടി. ഉദയന്‍ പറഞ്ഞു.

More Citizen News - Ernakulam