ലക്ഷങ്ങളുടെ കുടിശ്ശിക; കുട്ടമ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണിയില്‍

Posted on: 28 Aug 2015കോതമംഗലം: സമൃദ്ധിയുടെ നിറവിലും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണിയില്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ച് മാസത്തിലേറെയായി കൂലി വിതരണം ചെയ്യാത്തതാണ് കാരണം. നാടെങ്ങും ഓണം ആഘോഷിക്കുമ്പോള്‍ പണിയെടുത്തതിന്റെ കൂലി കിട്ടാതെ തൊഴിലാളികളുടെ കുടുംബങ്ങള്‍ വറുതിയിലാണ്.പഞ്ചായത്തിലെ രണ്ടായിരത്തോളം വരുന്ന തൊഴിലാളികള്‍ക്ക് അഞ്ച് മാസത്തെ കൂലി കുടിശ്ശിക 45 ലക്ഷം രൂപയുണ്ട്. മാസങ്ങളായി ഫണ്ട് അനുവദിക്കാത്തതാണ് കാരണം. തിരുവനന്തപുരം വെള്ളയമ്പലം എസ്.ബി.ടി. ശാഖ മുഖേനയാണ് സംസ്ഥാനത്തെ പഞ്ചായത്തുകളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് വഴി ഫണ്ട് എത്തുന്നത്. പണി പൂര്‍ത്തിയാക്കി ബില്‍ തയ്യാറാക്കി റിപ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടര്‍ വഴി അയച്ചതാണ്. ഓണത്തിന് മുമ്പ് ഉറപ്പായും പണം വിതരണം ചെയ്യുമെന്ന് അധികാരികള്‍ വ്യക്തമാക്കിയതാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പിണവൂര്‍കുടി ആദിവാസി കുടിയില്‍ നടന്ന ഗ്രാസഭയില്‍ കുടിശ്ശിക കൂലി കിട്ടാത്തത് കൊണ്ട് തൊഴിലാളികള്‍ ബഹളമുണ്ടാക്കി.പരിപാടിയില്‍ പങ്കെടുത്ത രാമചന്ദ്രന്‍ ഉടന്‍ തിരുവനന്തപുരത്തെ എസ്.ബി.ടി ശാഖയുമായി ബന്ധപ്പെട്ടു.22ന് ഫണ്ട് അനുവദിച്ചതായി ബാങ്ക് അധികാരികള്‍ അറിയിച്ചു. ഇതനുസരിച്ച് തൊഴിലുറപ്പ് ഫണ്ട് വിവരം കുട്ടമ്പുഴ യൂണിയന്‍ ബാങ്ക് അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ എത്തിയിട്ടില്ലായെന്ന് വിവരം ലഭിച്ചു. വനാന്തര ഗ്രാമത്തില്‍ കഴിയുന്ന ഇവരില്‍ ഒട്ടുമുക്കാലും തൊഴിലുറപ്പ് പണിയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവര്‍ക്ക് അര്‍ഹമായ ലക്ഷങ്ങളുടെ കുടിശ്ശിക ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാതെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ഈ കുടുംബങ്ങളുടെ ഓണത്തിന് മങ്ങലേല്‍പ്പിച്ചു. കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam