ഓണാഘോഷം

Posted on: 28 Aug 2015കോതമംഗലം: യാക്കോബായ സഭ യൂത്ത് അസോസിയേഷന്‍ മേഖല കമ്മിറ്റിയുടെ ഓണ പൂക്കള മത്സരം 30ന് രാവിലെ 9ന് നടത്തും. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഓണ സന്ദേശം നല്‍കും. വൈകീട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ സമ്മാനം വിതരണം ചെയ്യും.
യാക്കോബായ യൂത്ത് അസോസിയേഷന്‍ കോതമംഗലം മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍-കുര്യാക്കോസ് മാര്‍ യൗസേബിയോസ് (പ്രസി.), ഫാ.ഷാജി തെക്കേക്കുടി (വൈദിക പ്രസി.), ജോജോ.പി.മത്തായി (അല്‍മായ വൈ.പ്രസി.), കെ.കെ.എല്‍ദോസ് (സെക്ര.), പോള്‍ വര്‍ഗീസ് (ജോ.സെക്ര.),ബേസില്‍ എബി (ട്രഷ.) ജോമോന്‍ മാത്യു, ബേസില്‍ ചാണ്ടി വാവച്ചന്‍ (കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍).

കോതമംഗലം:
വാരപ്പെട്ടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കുടുംബശ്രീ ഭാരവാഹികള്‍ കോതമംഗലം സെന്റ് ജോസഫ് അനാഥശാലയില്‍ എത്തി ഓണസദ്യയും ഓണക്കോടി വിതരണവും ഓണക്കളികളും നടത്തി ആഘോഷിച്ചു. അനാഥശാലയിലെ വൃദ്ധരായ മാതാപിതാക്കള്‍ പ്രായം മറന്ന് കസേരകളി സ്​പൂണ്‍ റൈസിങ് ഓര്‍മ്മ പരിശോധന എന്നീ മത്സരങ്ങളിലും പങ്കെടുത്ത് പാട്ടുകളും പാടി സമൃദ്ധിയുടെ പൊന്നോണം ആഘോഷിച്ചു. മത്സര വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ എം.എസ്. ബെന്നി സമ്മാനം വിതരണം ചെയ്തു. രാധാമണി വിജയന്‍, സാറാക്കുട്ടി ഏലിയാസ്, പ്രീതി ബൈജു, സി.ജോസഫൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോതമംഗലം:
കുട്ടമ്പുഴ വി.കെ.ജെ. ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടത്തിയ ഓണാഘോഷം മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഹോട്ടലിന്റെ പൂമുഖത്ത് നിറപറയ്ക്ക് മുമ്പിലെ നിലവിളക്ക് തെളിച്ച് പൂക്കളത്തില്‍ പൂക്കള്‍ വിതറിയാണ് മലയാളത്തിന്റെ പ്രിയതാരം പരിപാടി ഉദ്ഘാടനം ചെയ്തത്. പശ്ചിമഘട്ടത്തിന്റെ വന്യസൗന്ദര്യത്തില്‍ ശോഭിക്കുന്ന കാടും മലയും പുഴകളും സമ്മേളിക്കുന്ന ഈ മനോഹരതീരത്ത് ഓണം ആഘോഷിക്കാന്‍ കിട്ടിയത് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമാണെന്ന് ലാല്‍ എല്ലാവര്‍ക്കും ഓണാശംസ നേര്‍ന്നു കൊണ്ട് പറഞ്ഞു. പൊന്നോണത്തെ വരവേല്‍ക്കുന്ന ഉത്രാടദിനത്തില്‍ കുട്ടമ്പുഴയിലെ ഓരോരുത്തര്‍ക്കും ഓണാശംസയും അദ്ദേഹം നേര്‍ന്നു. വി.കെ.ജെ. എം.ഡി. വി.കെ. ജനാര്‍ദനന്‍ നായര്‍ മോഹന്‍ലാലിന് ഓണക്കോടി നല്‍കി പൊന്നാടയണിയിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് ലാല്‍ ലൊക്കേഷനിലേക്ക് പോയത്. പുലിമുരുകന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതാണ് മോഹന്‍ലാല്‍. വനത്തിനകത്ത് പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളിലാണ് ലൊക്കേഷന്‍. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും അടക്കമുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. പുലിമുരുകന്‍ സിനിമയുടെ സെറ്റിലുള്ളവരുടെ ഓണാഘോഷം വെള്ളിയാഴ്ച നടക്കും.

കോതമംഗലം:
കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ. പ്രതിനിധികളും പന്തപ്ര ആദിവാസി കുടിയില്‍ ഓണാഘോഷം നടത്തി.ഓരോ കുടുംബത്തിനും വിദ്യാര്‍ഥികളുടെ ഓണോപഹാരമായി ബെഡ്ഷീറ്റുകള്‍ നല്‍കി.സ്‌കൂള്‍ മാനേജര്‍ വില്‍സണ്‍.കെ.കുര്യന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബിനീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam