നാട്ടുപൂക്കളുമായി ഗോപാലകൃഷ്ണന്‍ നായരെത്തി ; 62-ാം വര്‍ഷവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ത്തു

Posted on: 28 Aug 2015കൂത്താട്ടുകുളം: ഇലഞ്ഞി താഴുതുരുത്തില്‍ ഗോപാലകൃഷ്ണന്‍ നായര്‍ നാട്ടുപൂക്കളുടെ ആരാധകനാണ്. വീട്ടുമുറ്റത്തും പറമ്പിലുമായി നില്‍ക്കുന്ന പൂക്കള്‍ ശേഖരിച്ച് ഇക്കുറിയും ഗോപാലകൃഷ്ണന്‍ നായര്‍ ഓണ പൂക്കളം ഒരുക്കി. അറുപത്തിരണ്ട് വര്‍ഷമായി വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുന്ന ഇദ്ദേഹം പൂക്കളമൊരുക്കുന്നതിലെ പ്രത്യേകതകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുന്നു.
ഓണക്കാലമാകുമ്പോഴേക്കും പൂക്കള്‍ ലഭിക്കുന്നതിനായി പ്രത്യേക ഇനം ചെടികള്‍ നട്ടുവളര്‍ത്തുന്നതിലും ഇദ്ദേഹം ശ്രദ്ധിക്കുന്നു. മക്കള്‍ ജോലികിട്ടി ദൂരദേശത്തായപ്പോഴും വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുന്നതില്‍ പ്രത്യേകം താത്പര്യം എടുത്തു. മക്കളായ ബിനു (പത്രപ്രവര്‍ത്തകന്‍ കൊച്ചി) ഷിജ, ബിജു ( കോളേജ് അദ്ധ്യാപകന്‍) എന്നിവര്‍ക്കും അവരുടെ പേരക്കുട്ടികള്‍ക്കും ഓണപ്പൂക്കളം ഒരുക്കുന്നതിലെ സവിശേഷതകള്‍ പകര്‍ന്ന് നല്കുന്നതും പൈതൃക സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് എന്ന് ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു.
ഇലഞ്ഞി എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലാണ് അത്തം മുതല്‍ വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുന്ന വിശേഷാല്‍ ഓണപ്പരിപാടി സംഘടിപ്പിച്ചത്. തുമ്പയും ചെത്തിയും തുളസിയും നന്ത്യാര്‍വട്ടവും, കൊങ്ങിണി പൂവുംകൊണ്ട് ചാണകം മെഴുകിയ വീട്ടുമുറ്റത്ത് ഓണപൂക്കളം തീര്‍ത്തത് പുതിയ തലമുറയ്ക്ക് അനുഭവമായി മാറി.

More Citizen News - Ernakulam