തൃക്കാക്കര ഓണം ഫെസ്റ്റിന് ഇന്ന് തുടക്കം

Posted on: 27 Aug 2015കാക്കനാട്: ഓണാഘോഷത്തിന് തൃക്കാക്കര ഒരുങ്ങി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കല-കായിക മത്സരങ്ങള്‍, കലാസന്ധ്യകള്‍ സാംസ്‌കാരിക സദസ്സ് തുടങ്ങി പരിപാടികള്‍ നിരവധിയുണ്ട്. മാവേലി നാടിന്റെ സമ്പന്നതയും സാംസ്‌കാരിക തനിമയുമായി ഓണത്തെ വരവേല്‍ക്കാനാണ് തൃക്കാക്കര നഗരസഭയുടെ ശ്രമം.
നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെയാണ് ഓണാഘോഷം നടക്കുന്നതെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ബെന്നി ബഹനാന്‍ എംഎല്‍എ അറിയിച്ചു. തിരുവോണ ദിവസമായ 28ന് പരിപാടികള്‍ ഒന്നും തന്നെ ഉണ്ടാകില്ല.
വ്യാഴാഴ്ച 10.30ന് തൃപ്പൂണിത്തുറ അത്തം നഗറില്‍ നിന്ന് കൊണ്ടുവരുന്ന ഓണപ്പതാക ചിത്രപ്പുഴ പാലത്തിനു സമീപം വെച്ച് തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാലില്‍ നിന്ന് തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി ഏറ്റുവാങ്ങും. തൃക്കാക്കര ക്ഷേത്രത്തില്‍ പൂജാ കര്‍മങ്ങള്‍ക്ക് ശേഷം കാക്കനാട് ജങ്ഷനില്‍ ഓണപ്പതാക ബെന്നി ബഹനാന്‍ എംഎല്‍എ ഉയര്‍ത്തും. ഇതോടെ തൃക്കാക്കരയിലെ നാല് ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.
വ്യാഴാഴ്ച 9ന് തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ പൂക്കള മത്സരം നടക്കും. 29ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ അഞ്ചിന് അങ്കണവാടി- കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. 30ന് വൈകീട്ട് ഏഴിന് പരേഡ് ഗ്രൗണ്ടില്‍ കൊച്ചി പ്രണവം മെഗാ മ്യൂസിക്കല്‍ നൈറ്റിന്റെ ഗാനമേള.
31ന് ഉച്ചയ്ക്ക് 2.30ന് ചെമ്പുമുക്കില്‍ നിന്ന് ഓണം ഘോഷയാത്ര കാക്കനാട് ജങ്ഷനിലേക്ക് പുറപ്പെടും. 6.30ന് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് സുരാജ് വെഞ്ഞാറമൂടും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും.

More Citizen News - Ernakulam