ജന പ്രതിനിധികള്‍ക്കെതിരെ ജനരോഷം ആളിക്കത്തി

Posted on: 27 Aug 2015



കൊച്ചി: അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ജനരോഷം ആളിക്കത്തി. ബുധനാഴ്ച വൈകീട്ട് ആറോടെ സംഭവസ്ഥലത്തെത്തിയ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാട്ടുകാര്‍ തടഞ്ഞു. നാളുകളായി ഫെറി സര്‍വീസിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിച്ച മന്ത്രിക്ക് അപകടസ്ഥലം കാണാന്‍ അവകാശമില്ലെന്നു പറഞ്ഞായിരുന്നു രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരും സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് മന്ത്രിയെ തടഞ്ഞത്. പിന്നീട് പോലീസ് ഇടപെട്ട് പ്രതിഷേധവുമായെത്തിയവരെ അനുനയിപ്പിച്ച് മാറ്റി.
സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചവരെ കാണാന്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആസ്​പത്രിയിലെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞ്, എസ്. ശര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ പ്രതിഷേധവുമായി ഓട്ടോക്കാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ചാക്കുവള്ളി കെട്ടിവച്ച് ബോട്ടോടിച്ചിട്ട് അപകടത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ എത്തുന്ന ജന പ്രതിനിധികളെയല്ല തങ്ങള്‍ക്ക് വേണ്ടതെന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് തുടങ്ങിയവരും സംഭവ സ്ഥലത്തെത്തിയിരുന്നു.

More Citizen News - Ernakulam