ആലുവയില്‍ 'സ്‌കൈവാക്' പദ്ധതി വേണമെന്ന് നിര്‍ദേശം

Posted on: 27 Aug 2015ആലുവ: ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ബജറ്റ് ആലുവ നഗരസഭയില്‍ അവതരിപ്പിച്ചു. 2015-16 വര്‍ഷത്തേക്ക് 4,90,21,212 രൂപ മുന്നിരിപ്പ് ഉള്‍പ്പെടെ 44,71,22,140 രൂപ വരവും 41,25,65,628 രൂപ ചെലവും 3,45,56,512 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റ് എസ്റ്റിമേറ്റും അവതരിപ്പിച്ചു. െവെസ് ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാമാണ് ബജറ്റ് അവതരിപ്പിച്ചത്.
മെട്രോ റെയിലുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പാര്‍ക്കിങ് പ്രശ്‌നം മുന്നില്‍ക്കണ്ട് ആധുനിക രീതിയിലുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. പ്രധാന കവലകളും പാര്‍ക്കും സൗന്ദര്യവത്കരിക്കാനും വികസിപ്പിക്കാനും ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. മാലിന്യ ശേഖരണത്തിനായി ആധുനിക വാഹനങ്ങള്‍ വാങ്ങും.
ടൂറിസം വകുപ്പിന്റെ സഹായത്തോടെ മാര്‍ത്താണ്ഡ വര്‍മ പാലം മുതല്‍ റെയില്‍വേ പാലം വരെ കൈവരിയോടുകൂടിയ വാക്വേ തയ്യാറാക്കും. നഗരസഭയ്ക്കും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള വീതി കുറഞ്ഞ വഴി വികസിപ്പിക്കും. നഗരസഭാ ഓഫീസ് വളപ്പിലെ സ്ഥലം വിട്ടുകൊടുത്തുകൊണ്ടും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്ഥലം ഏറ്റെടുത്തുകൊണ്ടുമാണു റോഡ് വികസിപ്പിക്കുന്നത്.
തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ. ആല്‍ത്തറ ഭാഗം മുതല്‍ മണപ്പുറം വരെയുള്ള റോഡ് വീതികൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ബൈപ്പാസ് കവലയില്‍ പൂങ്കാവനം ബില്‍ഡിങ്ങിന് പിറകില്‍ 35 സെന്റ് സര്‍ക്കാര്‍ ഭൂമി വിട്ടുകിട്ടുന്നതിനും ഇവിടെ അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാറിന്റെ ക്ലീന്‍ കേരള മിഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിന് നടപടിയെടുക്കും. റെയില്‍വേ സ്റ്റേഷന്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ പ്രസ് ക്ലൂബ്ബിന് കെട്ടിടം നിര്‍മിക്കുമെന്നും നഗരസഭാ കണ്ടിന്‍ജന്റ് വര്‍ക്കേഴ്‌സ് കോളനി നവീകരിക്കുമെന്നും വാഗ്ദാനമുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ വടക്ക് വശത്ത് പുതിയ കടമുറികള്‍ നിര്‍മിക്കും. ഖരമാലിന്യം പാതയോരത്ത് വലിച്ചെറിയുന്നത് തടയാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കടുങ്ങല്ലൂര്‍ റോഡിന്റെ നഗരസഭാ പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ചെമ്പകശ്ശേരി -ആശാന്‍ ലൈന്‍ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മത്സ്യ വകുപ്പിന്റെ സഹായത്തോടെ തോട്ടയ്ക്കാട്ടുകര മിനി മാര്‍ക്കറ്റ് നവീകരിക്കും. നഗരത്തില്‍ നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി സ്ഥാപിക്കും. തെരുവ് നായ ശല്യം പരിഹരിക്കുന്നതിനു എ.ബി.സി. പ്രോഗ്രാം നടപ്പിലാക്കുന്നതിനായി മൃഗാശുപത്രിയില്‍ അഞ്ച് കൂടുകള്‍ സ്ഥാപിക്കും. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ലോക ബാങ്കിന്റെ സഹായത്തോടെ രണ്ട് നഗരസഭാ ടൗണ്‍ ഹാളുകളും കൗണ്‍സില്‍ ഹാളും നവീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഏപ്രിലില്‍ ഉപതിരഞ്ഞെടുപ്പ് നടന്നതിനാല്‍ കഴിഞ്ഞ ഫിബ്രവരിയില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ആലുവ നഗരസഭ പാസാക്കിയത്.

ആലുവ:
വലിയ പദ്ധതികള്‍ ഇതുവരെ ഏറ്റെടുത്തു നടത്താന്‍ ധൈര്യം കാട്ടാത്ത ഭരണസമിതി ആവര്‍ത്തന വിരസമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരത്തിന്റെ ആവശ്യങ്ങള്‍ കഴിഞ്ഞ അഞ്ച് കൊല്ലമായി തുടര്‍ച്ചയായി എഴുതി വായിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷാംഗം പി.ടി. പ്രഭാകരന്‍ ആരോപിച്ചു. ഈ ഭരണ സമിതി നാല് തവണ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ചരിത്രം സൃഷ്ടിച്ചതായി പ്രതിപക്ഷാംഗം അഡ്വ. മനോജ് കൃഷ്ണന്‍ പറഞ്ഞു. ഓണമായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബജറ്റിനിടെ ഭരണസമിതി വിതരണം ചെയ്ത പാരിതോഷികവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

ആലുവ:
മെട്രോ റെയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗരത്തില്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മെട്രോ സ്റ്റേഷനിലേക്ക് 'സ്‌കൈവാക്' പദ്ധതി നടപ്പാക്കണമെന്ന് നിര്‍ദേശം. നഗരസഭാ ബജറ്റിനോടനുബന്ധിച്ച് ആലുവ പ്രസ് ക്ലബ്ബ് നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്.
കുപ്പിക്കഴുത്ത് ആകൃതിയിലുള്ള കാരോത്തുകുഴി കവല മുതല്‍ ഫയര്‍ സ്റ്റേഷന്‍ വരെയുള്ള ഭാഗം വികസിപ്പിക്കാന്‍ അടിയന്തര നടപടി വേണം. മാലിന്യങ്ങള്‍ ഉത്ഭവ കേന്ദ്രത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണം. കേന്ദ്രാവിഷ്‌കൃത ഫണ്ട് കണ്ടെത്തി നഗരവികസനത്തിന് പദ്ധതിയൊരുക്കണം. വഴിയോര കച്ചവടക്കാരെ നീക്കം ചെയ്ത് നടപ്പാതകള്‍ പൂര്‍വ സ്ഥിതിയിലാക്കണം. നഗരത്തിലെ തിരക്കൊഴിവാക്കാന്‍ ടാക്‌സി സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് ബോയ്‌സ് സ്‌കൂള്‍ പരിസരത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഓവര്‍ബ്രിഡ്ജ് നടപ്പാക്കണം. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മുനിസിപ്പല്‍ ലൈബ്രറിയുടെ അനക്‌സ് മന്ദിരങ്ങള്‍ നിര്‍മിക്കണം. കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.
സി.പി.എം ഏരിയാ സെക്രട്ടറിയും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ വി. സലിം, മുന്‍ നഗരസഭാ കമ്മീഷണര്‍ എം.എന്‍. സത്യദേവന്‍, പ്രതിപക്ഷ നേതാവ് പി.ടി. പ്രഭാകരന്‍, കൗണ്‍സിലര്‍മാരായ ആനന്ദ് ജോര്‍ജ് (കോണ്‍ഗ്രസ്), മനോജ് കൃഷ്ണന്‍ (സി.പി.ഐ), വിവിധ സംഘടനാ നേതാക്കളായ പി.എം. സഹീര്‍, എ.സി. സന്തോഷ് കുമാര്‍, എ.കെ. നസീര്‍ബാബു, ചിന്നന്‍ ടി. പൈനാടത്ത്, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, സാബു പരിയാരത്ത്, ഹസിം ഖാലിദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam