എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരെഴുതിച്ച് അമ്മയും മകളും മടങ്ങിയത് അപകടത്തിലേക്ക്‌

Posted on: 27 Aug 2015കൊച്ചി: മണിക്കൂറുകളോളം അജ്ഞാതമായിരുന്നു ആ മൃതദേഹം. പനയപ്പിള്ളി ഗൗതം ആസ്​പത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെ എത്തിച്ചെങ്കിലും രണ്ട് മണിക്കൂറോളം തിരിച്ചറിയപ്പെടാതെ ആ മൃതദേഹം കിടന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഫോര്‍ട്ടുകൊച്ചി ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് ഷാനയുടെ വാക്കുകളില്‍ നിന്നാണ് അവരെ തിരിച്ചറിഞ്ഞത്.

സിന്ധുവും സുജിഷയും ഒപ്പമുണ്ടായിരുന്നെന്ന വാക്കുകള്‍ കേട്ടുകൊണ്ടാണ് സമീപത്തെ ആസ്​പത്രികളിലെല്ലാം അന്വേഷണം നടത്തിയത്. അന്വേഷിച്ചെത്തിയവര്‍ ഒടുവില്‍ ഗൗതം ആസ്​പത്രിയില്‍ തിരിച്ചറിയപ്പെടാതെ കിടന്നിരുന്ന അജ്ഞാത മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ അവരോടൊപ്പമുണ്ടായിരുന്ന മകളെ അപ്പോഴും കണ്ടെത്തിയിരുന്നില്ല.

കണ്ണമാലി കണ്ടക്കടവ് പുത്തന്‍തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യയാണ് മരിച്ച സിന്ധു. ഇവര്‍ പുത്തന്‍തോട് ഗവ. ഹൈസ്‌കൂളിനടുത്തുള്ള അങ്കണവാടിയിലെ ടീച്ചറാണ്. മകന്‍ ജിത്തുവുമൊത്ത് മൃതദേഹം സ്ഥിരീകരിക്കാനെത്തിയ കുഞ്ഞുമോന്‍ ആസ്​പത്രിയില്‍ കുഴഞ്ഞുവീണു. അലമുറയിട്ട് കരഞ്ഞ മകന്‍ അമ്മയുടെ കൂടെയേ വരികയുള്ളൂവെന്ന് വാശിപിടിച്ചു. മകള്‍ സുജിഷയെ കാണാതായെന്നറിഞ്ഞതോടെ അവരുടെ ദുഃഖം ഇരട്ടിയായി. അമ്മയോടൊപ്പം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോയതാണ് സുജിഷ. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനിയാണ്. രാത്രിയേറെ വൈകിയും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

More Citizen News - Ernakulam