പാഠശാലയില്‍ മികവുകള്‍ ഒരുക്കിയ ബാലചന്ദ്രന് അധ്യാപക പുരസ്‌കാരം

Posted on: 27 Aug 2015കൂത്താട്ടുകുളം: വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ കൂത്താട്ടുകുളം ഗവ. യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. ബാലചന്ദ്രന് ലഭിച്ച സംസ്ഥാന അധ്യാപക പുരസ്‌കാരം കൂട്ടായ്മയ്ക്കുള്ള അംഗീകാരം കൂടിയാണ്. സംസ്ഥാനത്തിന് തന്നെ മാതൃകയായ പഠനപ്രവര്‍ത്തനങ്ങളാണ്
അഞ്ച് വര്‍ഷക്കാലമായി ബാലചന്ദ്രന്റെ നേത്രത്വത്തില്‍ കൂത്താട്ടുകുളം യു.പി. സ്‌കൂളില്‍ നടക്കുന്നത്. രാവിലെ 8.30 ന് ആരംഭിക്കുന്ന പ്രത്യേക പഠനപ്രവര്‍ത്തനം വൈകീട്ട് നാലിന് പതിവ് സ്‌കൂള്‍ സമയം കഴിഞ്ഞ് 5.30 വരെ നീണ്ടുനില്‍ക്കും. ശനി, ഞായര്‍ തുടങ്ങി അവധി ദിവസങ്ങള്‍ പോലും ഇവിടെ രസകരമായ പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കുട്ടികളുടെ പഠനദിനമായി മാറുകയാണ്.
ഈ സ്‌കൂളില്‍ നിന്ന് സേവനമനുഷ്ഠിച്ച് വിരമിച്ച അധ്യാപകരും പി.ടി.എ എസ്.എം.സി. കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച് സ്ഥാനമൊഴിഞ്ഞവരും നിലവിലുള്ളവരോടൊപ്പം വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
പൂര്‍വ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഈ കണ്ണിയില്‍ അണിചേരുന്നു. വിദ്യാലയത്തെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതില്‍ കൈവരിച്ച നേട്ടമാണ് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിദ്യാലയത്തെ പ്രശസ്തമാക്കിയത്. ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേരുന്ന വിദ്യാലയമെന്ന പ്രശസ്തി വര്‍ഷങ്ങളായി കൂത്താട്ടുകുളം യു.പി. സ്‌കൂള്‍ നിലനിര്‍ത്തുന്നു. 101 വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തില്‍ ഈ വര്‍ഷം 101 കുട്ടികളാണ് ചേര്‍ന്നത്.
716 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ഓരോ കുട്ടിക്കും തനതായ പ്രവര്‍ത്തന ശൈലിയും പദ്ധതികളുമുണ്ട്. മുഴുവന്‍ കുട്ടികളുടെയും പേരില്‍ ഓരോ ചെടികള്‍ ഉള്‍പ്പെടുന്ന വിദ്യാലയോദ്യാന പദ്ധതി, എല്ലാ കുട്ടികളും സ്വന്തമായി കൈയെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന 'എനിക്കും ഒരു കൈയെഴുത്ത് മാസിക' പദ്ധതി. എല്ലാ കുട്ടികള്‍ക്കും ജീവകാരുണ്യസന്ദേശം നല്കുന്ന 'കുഞ്ഞുമനസ്സുകളുടെ സഹായഹസ്തം' പദ്ധതി. ജീവജാലങ്ങളോടുള്ള കുട്ടികളുടെ സ്‌നേഹം വളര്‍ത്തുന്ന എന്റെ കിളിക്കൂട് പദ്ധതി, ജൈവപച്ചക്കറി കൃഷി, മാതൃഭൂമി മധുരം മലയാളം, സീഡ് പ്രവര്‍ത്തന പരിപാടികള്‍ എന്നിവയിലൂടെ വിദ്യാലയത്തെ പഠന സജ്ജമാക്കുന്നതില്‍ ബാലചന്ദ്രന്‍ തെളിച്ച പ്രവര്‍ത്തനശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂത്താട്ടുകുളം മേഖലയിലെ അണ്‍-എയ്ഡഡ് വിദ്യാലയങ്ങളെപ്പോലും പിന്നിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് രക്ഷാകര്‍ത്താക്കളുടെ വര്‍ധിച്ച പിന്തുണയ്ക്ക് കാരണമായി. എഴ് ക്ലാസ് ഡിവിഷനുകള്‍ അധികമായി ഉണ്ടായി. എട്ട് ക്ലാസ് മുറികളാണ് കൂടുതലായി നിര്‍മിക്കപ്പെട്ടത്. എന്നാല്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാത്തത് മൂലം മാസംതോറും മുപ്പതിനായിരത്തില്‍ അധികം രൂപയാണ് ഇവിടെ അധികമായി കണ്ടെത്തേണ്ടത്. ഏറ്റവും മികച്ച രീതിയില്‍ ഉള്ള ഉച്ചഭക്ഷണം ഇവിടെ കുട്ടികള്‍ക്കായി ഒരുക്കുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ എണ്‍പതിനായിരം രൂപയാണ് ഒരു മാസം ഇതിലേക്ക് വകയിരുത്തേണ്ടത് .
.
പി.ടി.എ. പ്രസിഡന്റ് പി.എം. രാജു, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ ഡി. രാജേഷ്, നാരായണ പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.
1984- ല്‍ കുട്ടമ്പുഴ ഗവ. ഹൈസ്‌കൂളിലാണ് ബാലചന്ദ്രന്‍ അധ്യാപകജോലി ആരംഭിച്ചത്. 2010 ലാണ് കൂത്താട്ടുകുളം ഗവ. യു.പി. സ്‌കൂളില്‍ പ്രഥമ അധ്യാപകനായി എത്തിയത്. ഇടയാര്‍ കുരുവിലക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ ചന്ദ്രമതി (ഹെല്‍ത്ത് നേഴ്‌സ് പല്ലാരിമംഗലം) മക്കള്‍: ആര്യ (മഹാരാജാസ് കോളേജ് എറണാകുളം) ആദര്‍ശ് (സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. രാമപുരം)

More Citizen News - Ernakulam