ആദ്യം ഓടിയെത്തിയത് ഓട്ടോക്കാര്‍

Posted on: 27 Aug 2015കൊച്ചി: ബോട്ടപകടത്തില്‍ രക്ഷയുടെ കൈകളുമായി ആദ്യം ഓടിയെത്തിയത് ഓട്ടോക്കാര്‍. അപകടത്തില്‍പ്പെട്ട മിക്കവരെയും സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരാണ് ആസ്​പത്രിയിലെത്തിച്ചത്. ഓട്ടോ തൊഴിലാളി സംഘടന നേതാവ് ഫോര്‍ട്ടുകൊച്ചി സ്വദേശി അജീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഉച്ചയ്ക്ക് ഓട്ടോ സ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് അജീഷ് അപകടം കണ്ടത്. '' വലിയ നിലവിളി കേട്ടാണ് ഞാന്‍ ജെട്ടിയിലേക്ക് ഓടിയത്. ഇടിയുടെ ആഘാതത്തില്‍ നെടുകെ പിളര്‍ന്ന് ബോട്ട് മുങ്ങുന്നതാണ് കണ്ടത്. അപകടം കണ്ട ഉടനെ കരയ്ക്ക് നിന്നിരുന്ന രണ്ട് വിദേശികള്‍ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കുഞ്ഞുങ്ങളടക്കമുള്ളവരുടെ നിലവിളി കേട്ടതോടെ ഞാനും വെള്ളത്തിലേക്ക് ചാടി'' - അജീഷ് പറഞ്ഞു.
മുങ്ങിത്താണ ബോട്ടില്‍ നിന്ന് ചിലരെ രക്ഷപ്പെടുത്താനായ ആശ്വാസത്തിലാണ് അജീഷ്. ''ബോട്ട് പൂര്‍ണമായും മുങ്ങിയതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയായിരുന്നു. ഡീസലും വെള്ളത്തില്‍ കലര്‍ന്നതോടെ ആകെ ശ്വാസം മുട്ടിയ നിലയായിരുന്നു. പായല്‍ നീക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പായല്‍ നീക്കുന്നതിനിടെ ബോട്ടിന്റെ പലകകള്‍ വീണ്ടും ഒടിയുകയായിരുന്നു. അത്രയേറെ പഴയ ബോട്ടായിരുന്നു അത്'' - അജീഷ് പറഞ്ഞു.
30-ഓളം ഓട്ടോക്കാരാണ് ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ 20-ഓളം പേര്‍ അപകട സമയത്ത് ജെട്ടിയിലുണ്ടായിരുന്നു. വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറ്റിയവരെ ഈ ഓട്ടോകളില്‍ തന്നെയാണ് ജനറല്‍ ആസ്​പത്രിയിലും ഗൗതം ആസ്​പത്രിയിലും എത്തിച്ചത്.

More Citizen News - Ernakulam