വലിയവിളക്കും തിരുമുല്‍ക്കാഴ്ച സമര്‍പ്പണവും ഇന്ന്‌

Posted on: 27 Aug 2015കളമശ്ശേരി: തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച വലിയവിളക്കും തൃക്കാക്കരയപ്പന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണവുമുണ്ടാകും. രാവിലെ എട്ടിന് പൂക്കളമത്സരം. 8.30 നുള്ള ശ്രീബലിക്ക് ഒമ്പത് ആനകള്‍ അണിനിരക്കും. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളം, തിരുവാലൂര്‍ വിശ്വനാഥ് ആന്‍ഡ് പാര്‍ട്ടിയുടെ സ്‌പെഷല്‍ നാദസ്വരം, തകില്‍ എന്നിവയുണ്ടാകും. 10 മുതല്‍ മഞ്ഞുമ്മല്‍ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്, 10.30ന് ആനയൂട്ട്, ഉത്രാടസദ്യ, 3.30ന് പകല്‍പ്പൂരം. ചോറ്റാനിക്കര വിജയന്‍ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം, തിരുവാലൂര്‍ വിശ്വനാഥന്‍ ആന്‍ഡ് പാര്‍ട്ടിയുടെ സ്‌പെഷല്‍ നാദസ്വരം, തകില്‍. വൈകീട്ട് നാലിന് വിവിധ കലാപരിപാടികള്‍, 5ന് ദശാവതാരച്ചാര്‍ത്ത് 'കല്‍ക്കി'. ഏഴിന് കലാമണ്ഡലം സുഗന്ധിയുടെ നൃത്തസന്ധ്യ, വെച്ചൂര്‍ രമാദേവിയുെട ഓട്ടന്‍ തുള്ളല്‍, ഒമ്പതിന് പകര്‍പ്പൂരം സമാപനം. പൂപ്പറ, വിശേഷാല്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, കരിമരുന്ന് പ്രയോഗം, കോഴിക്കോട് നാദം കമ്മ്യൂണിക്കേഷന്റെ നാടകം, 11ന് വലിയവിളക്കും പള്ളിവേട്ടയും എന്നിവയുണ്ടാകും.
എറണാകുളം ശിവകുമാര്‍, ഈറ്റാറ്റുപേട്ട അയ്യപ്പന്‍, തിരുവാണിക്കാവ് രാജഗോപാല്‍, പുതുപ്പള്ളി സാധു, മധുരപ്പുറം കണ്ണന്‍, കാഞ്ഞിരക്കാട് ശേഖരന്‍, ചൈത്രം അച്ചു, മുണ്ടയ്ക്കല്‍ ശ്രീനന്ദന്‍, ചിറയ്ക്കല്‍ പത്മനാഭന്‍ എന്നീ ആനകളാണ് വലിയവിളക്കിനുണ്ടാവുക. എറണാകുളം ശിവകുമാറായിരിക്കും ഭഗവാന്റെ തിടമ്പേറ്റുക.
രാവിലെ ഒമ്പതിന് തൃക്കാക്കരയപ്പന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം തുടങ്ങും. തിരുവിതാംകൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് പ്രതിനിധിയായിരിക്കും ക്ഷേത്രം തന്ത്രിയോട് അനുമതി ചോദിച്ച് ആദ്യ തിരുമുല്‍ക്കാഴ്ചയായി നേന്ത്രക്കുല സമര്‍പ്പിക്കുക. തുടര്‍ന്ന്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റും മറ്റുള്ളവരും.
ജാതിമതദേഭമെന്യേ എല്ലാവര്‍ക്കും തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കാവുന്നതാണ്. ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങി എല്ലാത്തരം വിളകളും തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കാം. എന്നാല്‍, നേന്ത്രക്കുല സമര്‍പ്പണമാണ് പ്രധാനം.
തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തിനുള്ള കാര്‍ഷികവിളകള്‍ അവരവര്‍ക്ക് തന്നെ കൊണ്ടുവരാം. ക്ഷേത്ര ഉപദേശക സമിതിയും തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തിനുള്ള വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ കൗണ്ടറില്‍ നിന്നും നിശ്ചിതവില നല്‍കി കാര്‍ഷികവിളകള്‍ വാങ്ങി തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടത്താം.

More Citizen News - Ernakulam