അപകടത്തില്‍പ്പെട്ട ബോട്ട് കാലപ്പഴക്കമുള്ളത്

Posted on: 27 Aug 2015കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ അപകടത്തില്‍പ്പെട്ട 'ഭാരത്' എന്ന ബോട്ടിന് 38 വര്‍ഷത്തെ പഴക്കം. ഈ റൂട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങിയ കാലം മുതല്‍ ഈ ബോട്ടാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏക ബോട്ടാണിത്.
കനത്ത ഒഴുക്കും ആഴവുമുള്ള അഴിമുഖത്തുകൂടിയാണ് ഈ റൂട്ട്. പ്രത്യേകമായി രൂപകല്പന ചെയ്ത ബോട്ടുകള്‍ക്ക് മാത്രമേ അഴിമുഖത്തെ ഒഴുക്കിനെ അതിജീവിക്കാനാകൂ. അതുകൊണ്ടുതന്നെ ഇത്തരം ബോട്ടുകള്‍ സാധാരണ സര്‍വീസിന് ലഭിക്കാറുമില്ല.
1977-ലാണ് ഇവിടെ ബോട്ട് സര്‍വീസ് തുടങ്ങുന്നത്. അന്നുതൊട്ട് ഭാരതും മറ്റൊരു ബോട്ടുമാണ് സര്‍വീസിന്. രണ്ട് വര്‍ഷത്തിലൊരിക്കലോ മറ്റോ അറ്റകുറ്റപ്പണി നടത്തിയാലായി. അപകടത്തില്‍പ്പെട്ട ബോട്ടിന് കാലപ്പഴക്കത്താല്‍ ബലക്ഷയമുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ പലവട്ടം ഈ പരാതി ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ചതുമാണ്. ബോട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ ആവശ്യത്തിനില്ലായിരുന്നുവെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ഉള്ള രണ്ടെണ്ണമാകട്ടെ പെട്ടെന്ന് എടുക്കാനാകാത്തവണ്ണം കെട്ടിവച്ചിരിക്കുകയുമായിരുന്നു.
രണ്ട് ബോട്ടുകളും ഒരു ജങ്കാറും ഇവിടെ സര്‍വീസിനുണ്ടാകേണ്ടതാണ്. പക്ഷേ നാളേറെയായി ഭാരത് ബോട്ടും ജങ്കാറും മാത്രമേ യാത്രയ്ക്കുള്ളൂ. അതുകൊണ്ടുതന്നെ ഈ റൂട്ടിലെ യാത്രാക്ലേശം സ്ഥിരം പരാതിയുമാണ്.
ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കും അതുവഴി നഗരത്തിലേക്കും പറവൂര്‍ ഭാഗങ്ങളിലേക്കും എത്താനുള്ള എളുപ്പ മാര്‍ഗമാണിത്. മൂന്നുമിനുട്ടുകൊണ്ട് മറുകരയെത്താം. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി ഭാഗങ്ങളിലേക്കും അതുവഴി ആലപ്പുഴ ജില്ലയിലേക്കും കടക്കുന്നതിനും വൈപ്പിന്‍കാര്‍ ആശ്രയിക്കുന്നതും ഈ റൂട്ട് തന്നെ.
ആദ്യകാലത്ത് നഗരസഭ നേരിട്ടാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് സ്വകാര്യ സര്‍വീസുകാര്‍ക്ക് ലേലത്തിന് നല്‍കി. ബോട്ടിനും ജങ്കാറിനും ഒരുമിച്ചാണ് കരാര്‍ നല്‍കുക. ഇപ്പോള്‍ കരാറുകാരുടെ ഉടമസ്ഥതയിലാണ് അപകടത്തില്‍പ്പെട്ട ബോട്ട്.

More Citizen News - Ernakulam