എടയാറില്‍ അമോണിയ ചോര്‍ന്നു; ജനം പരിഭ്രാന്തരായി

Posted on: 26 Aug 2015കടുങ്ങല്ലൂര്‍: എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്നു. അമോണിയ ശ്വസിച്ച് ശ്വാസതടസ്സം നേരിട്ട ഒരാളെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എടയാര്‍ സുഡ്‌കെമി കമ്പനിയിലായിരുന്നു സംഭവം.
കമ്പനിയുടെ പ്രവര്‍ത്തനത്തിനായി അമോണിയ വെള്ളവുമായി കൂട്ടിക്കലര്‍ത്തുന്ന ടാങ്കില്‍നിന്ന് മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് വാതകം പുറത്തേക്ക് വന്നതാണ് പ്രശ്‌നമായത്. ഈ സമയം സമീപത്തുനിന്നിരുന്ന കരാര്‍ തൊഴിലാളി അബ്ദുല്‍ റഹിമാനാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ടാങ്കിലേക്ക് അമോണിയ എത്തിക്കുന്ന വാല്‍വ് അടയ്ക്കുകയും ടാങ്കില്‍ വെള്ളംനിറച്ച് അപകടഭീഷണി ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഏലൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും ഫാക്ടിന്റെ സാങ്കേതിക വിദഗ്ധരുമെത്തി ചോര്‍ന്ന വാതകമെല്ലാം നിര്‍വീര്യമാക്കുകയായിരുന്നു.
പ്രദേശവാസികള്‍ നിരവധി പേര്‍ പരിഭ്രാന്തരായി കമ്പനിക്ക് സമീപം തടച്ചുകൂടി. ബിനാനിപുരം പോലീസെത്തിയാണ് ഇവരെ നിയന്ത്രിച്ചത്. ശ്വാസതടസ്സം നേരിട്ട തൊഴിലാളിയെ പാതാളം ഇ.എസ്.ഐ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

More Citizen News - Ernakulam